കൊച്ചി: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദി​ച്ചെ​ന്ന് വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി​യ ജി​എ​സ്ടി ജോ​യി​ന്‍റ് ക​മ്മി​ഷ​ണ​ർ പ്ര​ജ​നി രാ​ജ​നെ സ​ർ​വീ​സി​ൽ​നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്തു. കൊച്ചി ജി എസ് ടി ഓഫീസിൽ ജോയിന്റ് കമ്മീഷണറായ പ്രജനി രാജന്റെ വീട്ടിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത ലക്ഷക്കണക്കിന് രൂപയും ഡോളറും സ്വർണഭരണങ്ങളും പിടിച്ചെടുത്തിരുന്നു. റെയ്ഡ് കഴിഞ്ഞ് അഞ്ചു ദിവസത്തിനുശേഷമാണ് ഇവരെ സസ്പെൻഡ്‌ ചെയ്തത്.

വി​ജി​ല​ൻ​സ് കേ​സെ​ടു​ത്തി​ട്ടും സ​സ്പെ​ൻ​ഡ് ചെ​യ്യാ​ത്ത​തി​ൽ വ്യാപക വി​മ​ർ​ശ​നം ഉ​യ​ർ​ന്നിരുന്നു. വി​ജി​ല​ൻ​സ് റെയ്ഡും തുടർനടപടി ശുപാർശ ചെയ്തിട്ടും നടപടി ഒന്നുമുണ്ടായില്ല. മാത്രമല്ല, റെ​യ്ഡിനുശേഷം മൂ​ന്ന് ദി​വ​സം പ്രജനി രാജൻ ഓഫീസിൽ വരികയും ചെയ്തു.

പ്ര​ജ​നി രാ​ജ​ൻ സ​ർ​വീ​സി​ൽ തു​ട​രു​ന്ന​ത് തെ​ളി​വ് ന​ശി​പ്പി​ക്കാ​നും അ​ന്വേ​ഷ​ണം ത​ട​സ​പ്പെ​ടു​ത്താ​നും സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​നും കാ​ര​ണ​മാ​കു​മെ​ന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് നടപടി.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പ്ര​ജ​നി​യു​ടെ തേ​വ​ര​യി​ലെ ഓ​ഫി​സി​ലും പ​ച്ചാ​ള​ത്തെ വ​സ​തി​യി​ലും വിജിലൻസ് റെയ്ഡ് നടത്തിയത്. ഇതിൽ കണക്കിൽപ്പെടാത്ത 14.10 ല​ക്ഷം രൂ​പ​, 788 യു​എ​സ് ഡോ​ള​ർ, ഒ​രു പ​വ​ൻ വീ​തം തൂ​ക്ക​മു​ള്ള നാ​ല് സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ൾ, 190 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ എന്നിവ വി​ജി​ല​ൻ​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.