എൻ.പി.എസ് ജീവനക്കാരുടെ ആശങ്കകൾ പരിഹരിക്കാൻ യു.ഡി.എഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ടൂറിസം - സാംസ്കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു. എൻജിഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന എൻ.പി.എസ് ദക്ഷിണ മേഖല കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതി പിൻവലിക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ എൽ.ഡി.എഫ് എൻ.പി.എസിനെ കൂടുതൽ വികലമാക്കി. ജീവനക്കാരെ വിശ്വാസത്തിലെടുത്തുള്ള നയ സമീപനം മാത്രമേ യു.ഡി.എഫ് സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി.ജീവനക്കാരുടെ അവകാശമായ പെൻഷൻ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. നിലവിലെ പെൻഷൻ പദ്ധതി ഗുണകരമല്ല എന്നത് വസ്തുതയാണ്. അതിന് മാറ്റം വന്നേ മതിയാവൂ. അദ്ദേഹം പറഞ്ഞു.

എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.പി സുനിൽ അധ്യക്ഷനായ കോൺക്ലേവിൽ സാമ്പത്തിക വിദഗ്ധ ഡോ.മേരി ജോർജ് വിഷയാവതരണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ഉമാശങ്കർ, ട്രഷറർ വി.പി ബോബിൻ, സീനിയർ വൈസ് പ്രസിഡന്റ് പ്രദീപ്കുമാർ, രാജേഷ് കമൽ, പി.എസ്.വിനോദ് കുമാർ, ഡൈസൺ, അനിൽ ബാബു, അജിത് കുമാർ, ശുഭ, ബിനു കോറോത്ത്, ജോമോൻ, ഷാജി എന്നിവർ സംസാരിച്ചു.തെക്കൻ മേഖലയിൽ നിന്നുള്ള എൻ.പി എസ് പ്രതിനിധികൾ ചർച്ചകളിൽ പങ്കെടുത്ത് സംസാരിച്ചു.