അബുദാബി: യു.എ.ഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, കോൺസുലർ സേവനങ്ങൾക്കായി പുതിയ സേവനദാതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള ടെൻഡർ നടപടികൾ ഇന്ത്യൻ എംബസി ആരംഭിച്ചു.

അബുദാബിയിലെ ഇന്ത്യൻ എംബസിക്കും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിനും കീഴിലുള്ള സേവനങ്ങൾക്കായി മൂന്ന് വർഷത്തെ കരാറാണ് ലക്ഷ്യമിടുന്നത്. യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലായി 15 ഇന്ത്യൻ കോൺസുലർ അപേക്ഷാ കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കണമെന്നാണ് നിർദേശം.

പാസ്‌പോർട്ട്, വിസ, OCI, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾ ഇതിൽ ഉൾപ്പെടും.

നിലവിലുള്ള സേവനക്രമത്തിൽ ഉടൻ മാറ്റമില്ലെന്നും പുതിയ സേവനദാതാവിനെ സംബന്ധിച്ച അന്തിമ തീരുമാനം ഔദ്യോഗികമായി അറിയിക്കുന്നതുവരെ നിലവിലെ സംവിധാനങ്ങൾ തുടരുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.