ദോഹ: ഖത്തർ കരിയർ ഡെവലപ്മെന്റ് സെന്റർ സംഘടിപ്പിച്ച ഏഴാമത് കരിയർ വില്ലേജ് സമാപിച്ചു. രാജ്യത്തെ ഏറ്റവും വലിയ ഇന്ററാക്ടീവ് കരിയർ എക്സ്പ്ലോറേഷൻ പരിപാടിയായ ഇത്തവണത്തെ പരിപാടിയിൽ 3,240-ലേറെ വിദ്യാർഥികൾ പങ്കെടുത്തു.
മൂന്ന് ദിവസം നീണ്ട പരിപാടിയിൽ 160 പൊതു, സ്വകാര്യ, അന്താരാഷ്ട്ര സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു.
13 പ്രധാന സാമ്പത്തിക മേഖലകളെ പ്രതിനിധീകരിച്ച് 40 പൊതു-സ്വകാര്യ സ്ഥാപനങ്ങളും പരിപാടിയിൽ പങ്കെടുത്തു. 230-ലേറെ അക്കാദമിക്, കരിയർ കൗൺസിലർമാർക്കും അധ്യാപകർക്കും വിവിധ മേഖലകളിലെ പ്രതിനിധികളുമായി ആശയവിനിമയം നടത്താൻ അവസരം ലഭിച്ചു.
വിദ്യാർഥികൾക്ക് ഭാവിയിലെ തൊഴിൽ മേഖലകൾ പരിചയപ്പെടുത്തുക, പരിശീലനം, സന്നദ്ധ പ്രവർത്തനം, ജോലി പരിചയം എന്നിവ സംബന്ധിച്ച അവസരങ്ങളെക്കുറിച്ച് അവബോധം നൽകുക എന്നിവയായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം.