ദോഹ: ഖത്തറിൽ നിർദ്ദിഷ്ട മേഖലകളിൽ ഡ്രോൺ ഉപയോഗിക്കുന്നതിന് അനുമതി നൽകുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെയും ബന്ധപ്പെട്ട മറ്റ് അധികൃതരുടെയും ഏകോപനത്തോടെയാണ് പുതിയ സംവിധാനം പ്രഖ്യാപിച്ചത്. അനുവദനീയമായ മേഖലകൾ മെത്രാഷ് ആപ്പിലൂടെ കണ്ടെത്താൻ കഴിയും.

ഡ്രോൺ പ്രവർത്തനങ്ങൾക്ക് ദിവസത്തിൽ രണ്ട് സമയപരിധികളാണ് അനുവദിച്ചിരിക്കുന്നത്:

സൂര്യോദയം മുതൽ രാവിലെ 9 മണി വരെ

ഉച്ചയ്ക്ക് 2 മണി മുതൽ സൂര്യാസ്തമയം വരെ

അനുമതിയില്ലാത്ത മേഖലകളിലും സമയങ്ങളിലും ഡ്രോൺ പറത്തുന്നത് നിയമലംഘനമായി കണക്കാക്കും. ലൈസൻസിൽ വ്യക്തമാക്കിയ ആവശ്യങ്ങൾക്ക് പുറമെ ഡ്രോൺ ഉപയോഗിക്കരുതെന്നും അധികൃതർ വ്യക്തമാക്കി.

നിയമലംഘകരെതിരെ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് നടപടി സ്വീകരിക്കുമെന്നും ഖത്തർ അധികൃതർ മുന്നറിയിപ്പ് നൽകി.