ദോഹ: ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷണം നേടുന്നതിനായി ഖത്തർ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ വിശ്വസനീയമായ വെബ്സൈറ്റുകൾ മാത്രം ഉപയോഗിക്കണമെന്നും ബാങ്ക് കാർഡ് നമ്പർ, പിൻ നമ്പർ, OTP, ഖത്തർ ഐഡി വിവരങ്ങൾ തുടങ്ങിയ സ്വകാര്യ വിവരങ്ങൾ ഫോൺ, ഇ-മെയിൽ, സന്ദേശങ്ങൾ എന്നിവ വഴി മറ്റാർക്കും കൈമാറരുതെന്നും മന്ത്രാലയം നിർദേശിച്ചു.
ബാങ്ക് ഉദ്യോഗസ്ഥർ, ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ, സർക്കാർ പ്രതിനിധികൾ എന്ന വ്യാജേന വിളിച്ച് വ്യക്തിഗത വിവരങ്ങളും ബാങ്കിങ് വിവരങ്ങളും ആവശ്യപ്പെടുന്ന തട്ടിപ്പുകളെക്കുറിച്ചും മുന്നറിയിപ്പ് നൽകി.
വലിയ തുക കൈമാറുന്നതിന് മുമ്പ് ഇ-മെയിൽ വഴി ലഭിക്കുന്ന പണമടയ്ക്കൽ നിർദേശങ്ങൾ സ്വതന്ത്രമായി പരിശോധിക്കണമെന്നും കമ്പനികളുടെ സാമ്പത്തിക വിഭാഗങ്ങൾ പ്രത്യേക ജാഗ്രത പുലർത്തണമെന്നും അധികൃതർ പറഞ്ഞു.
വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകളിലും ജാഗ്രത വേണം. ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ ചിത്രങ്ങൾ ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് പണം ആവശ്യപ്പെടുന്ന രീതികളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.