നെയ്യാറ്റിൻകര അതിയന്നൂർ ഗ്രാമപഞ്ചായത്തിലെ അവണാകുഴി ഗവ. എൽ പി സ്കൂളിൽ നിർമ്മാണം പൂർത്തിയാക്കിയ 120 സ്ക്വയർഫീറ്റ് കെട്ടിടം ബിആർസിലെ ഭിന്നശേഷി കുട്ടികളുടെ പ്രവർത്തനത്തിന് കൈമാറാൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവ്.
കെട്ടിടം ബി ആർ സി ബ്ലോക്ക് പ്രോഗ്രാം ഓഫീസർക്ക് കൈമാറാൻ അവണാകുഴി ഗവ. എൽപി സ്കൂൾ ഹെഡ്മാസ്റ്ററോട് കമ്മീഷൻ നിർദ്ദേശിച്ചു.
കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ബിആർസിക്ക് ലഭിക്കുമ്പോൾ ഭിന്നശേഷി കുട്ടികൾക്ക് മുൻഗണന നൽകണം. സ്കൂൾ പ്രവർത്തിക്കുന്ന ഓട്ടിസം സെൻ്ററിലേക്ക് കുട്ടികളെ കൊണ്ടുവരുന്ന വാഹനങ്ങൾ മറ്റു കുട്ടികൾക്ക് തടസ്സം ഉണ്ടാക്കാൻ പാടില്ലെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു
സ്കൂളിൽനിന്ന് ഓട്ടിസം സെൻ്റർ ഒഴിവാക്കാൻ വ്യാജ പരാതികൾ കമ്മീഷനിൽ നൽകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
കമ്മീഷൻ അംഗം ഡോ. എഫ്. വിൽസൻ്റേതാണ് ഉത്തരവ്
65 വിദ്യാലയങ്ങളിലെ ഭിന്നശേഷി കുട്ടികൾക്കായുള്ള ഓട്ടിസം, സ്പീച്ച് തെറാപ്പി സെൻ്റർ 1998 മുതൽ പ്രവർത്തിച്ചുവരുന്നതാണ്. ബാലരാമപുരം ഉപജില്ലയിലെ അമ്പതിലധികം കുട്ടികൾക്ക് സെൻ്ററിൽ നിന്നുള്ള സേവനം നിലവിൽ ലഭിക്കുന്നുണ്ട്. ഓട്ടിസം സെൻ്ററിലെ കുട്ടികൾക്ക് ഭൗതിക സാഹചര്യം ഒരുക്കി കൊടുക്കുന്നതിൽ വിദ്യാഭ്യാസ വകുപ്പിനും അതിയന്നൂർ ഗ്രാമപഞ്ചായത്തിനും ഗുരുതരമായ വീഴ്ച സംഭവിച്ചതായും കമ്മീഷൻ നിരീക്ഷിച്ചു.
ബിആർസിയും ഓട്ടിസം സെൻ്ററിലെ കുട്ടിയുടെ രക്ഷിതാവുമാണ് ബാലാവകാശ കമ്മീഷനിൽ പരാതി നൽകിയത്.