അടിയന്തര ഘട്ടങ്ങളിൽ ആശുപത്രികളിൽ ആവശ്യത്തിന് രക്തം ലഭ്യമല്ലെന്ന സാഹചര്യം ഉണ്ടാകാതിരിക്കാൻ രക്തദാനം കൂടുതലായി പ്രോത്സാഹിപ്പിക്കണമെന്ന് ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. രക്തദാനത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റി കൂടുതൽ പേരെ സന്നദ്ധ രക്തദാനത്തിലേക്ക് കൊണ്ടുവരാൻ ശക്തമായ പ്രചാരണം നടത്തണമെന്നും മന്ത്രി പറഞ്ഞു. ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജ് മൈൻഡ് ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കൃത്യമായ ഇടവേളകളിൽ രക്തം ദാനം ചെയ്യുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്ന അവബോധം പൊതുജനങ്ങളിൽ വളർത്തണം. രക്തദാനത്തെക്കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിച്ച് കൂടുതൽ സന്നദ്ധ രക്തദാതാക്കളെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്നും മന്ത്രി പറഞ്ഞു.

2025 സെപ്റ്റംബർ മുതൽ ഈ വർഷം ആഗസ്റ്റ് വരെ വിവിധ മേഖലകളിൽ മികവ് പുലർത്തിയ സന്നദ്ധ രക്തദാന സംഘടനകൾ, രക്തശേഖരണ കേന്ദ്രങ്ങൾ, രക്തദാന ക്യാമ്പുകൾ, ബ്ലഡ് ബാങ്ക് ട്രേസബിലിറ്റി പദ്ധതി എന്നിവയ്ക്കും പോൾ ബ്ലഡ് പ്രോജക്ടിന്റെ പ്രവർത്തന മികവിനും മന്ത്രി പ്രശംസാപത്രവും ഉപഹാരവും നൽകി.

സന്നദ്ധ രക്തദാതാക്കളെ ആദരിക്കുന്നതിനും പ്രതിഫലം വാങ്ങാതെയുള്ള പതിവായ സന്നദ്ധ രക്തദാന സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് എല്ലാ വർഷവും ഒക്ടോബർ ഒന്നിന് ദേശീയ സന്നദ്ധ രക്തദാന ദിനമായി ആചരിക്കുന്നത്.