എം. എസ്. സനിൽ കുമാർ

കരുനാഗപ്പള്ളി :അനുഭവങ്ങളിൽ നിന്ന് അക്ഷരങ്ങൾ ഉരുവം കൊള്ളുമ്പോൾ അതിന് മഴത്തണുപ്പിന്റെ ആർദ്രതയുണ്ടാകുമെന്ന് തെളിയിക്കുകയാണ് കെ. ശ്രീകുമാരി എന്ന എഴുത്തുകാരി. ഒരു കഥാസമാഹാരം, ഒപ്പം അക്കങ്ങളുടെയും സൂത്രവാക്യങ്ങളുടെയും ലോകത്തുനിന്ന് വേർപെടുത്തി ജീവിത നൈപുണ്യമായി ഗണിതത്തെ മാറ്റുന്ന അറിവഴക്. രണ്ടും ഒരുപോലെ വഴങ്ങുന്ന എഴുത്തുകാരിയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ന് കെ. ശ്രീകുമാരി. കരുനാഗപ്പള്ളി ടൗൺ യു.പി.എസിലെ പ്രഥമാധ്യാപികയായ ശ്രീകുമാരിയുടെ രണ്ട് പുസ്തകങ്ങളാണ് ഇന്ന് ഗാന്ധി ജയന്തി ദിനത്തിൽ പ്രകാശനം ചെയ്തത്. മഴത്തുള്ളികളുടെ സ്‌നേഹ സ്പർശം എന്ന കഥാസമാഹാരവും, ഗണിതശാസ്ത്ര സൂത്രവാക്യങ്ങളെ ലളിതമായി നിർവചിക്കുന്ന ലളിതം ഗണിതം എന്ന പുസ്തകവും.

കരുനാഗപ്പള്ളി എംഎൽഎ സി.ആർ. മഹേഷാണ് പുസ്തകങ്ങൾ പ്രകാശനം ചെയ്തത്.

മഴ നമുക്കൊക്കെ പകർന്നു തരുന്നത് വിസ്മയ സ്മൃതികളുടെ നവ്യാനുഭവങ്ങളാണ്. ചിലർക്ക് മഴ ഓർമ്മത്തുള്ളികളാകാം. മറ്റുചിലർക്ക് സ്‌നേഹ സാന്ത്വനം. ചിലർക്കാകട്ടെ അത് വിഷാദസ്മരണയാകുന്നു. പക്ഷേ, എല്ലാവരിലും, പെയ്തുതീരാത്ത ഒരു സംഗീതമാണ് മഴ. കെ. ശ്രീകുമാരിയുടെ ഹൃദയത്തെ തൊട്ടുരുമ്മി ഉണർത്തിയ ഓർമ്മകളും വായനാനുഭവങ്ങളുമാണ് മഴത്തുള്ളികളുടെ സ്‌നേഹസ്പർശം എന്ന കഥാസമാഹാരം. സ്‌നേഹ നിമിഷങ്ങളും ജീവിതത്തിന്റെ നേർത്ത വികാരങ്ങളും മഴത്തുള്ളികൾ ചാഞ്ഞുപെയ്യുമ്പോലെ വാക്കുകളിലേക്ക് നനവോർമ്മകളായി പടർത്തിവെക്കുന്ന സ്‌നേഹസാന്ദ്രമായ അനുഭവം ആണ് ഈ പുസ്തകം.

മനസ്സിന് മഴയോട് എന്നും പ്രത്യേക അടുപ്പമുണ്ട് ചിലപ്പോൾ അത് ഓർമ്മകളെ ഉണർത്തുന്നു. മറ്റ് ചിലപ്പോൾ എല്ലാം മറന്നു വേദനകളെ തലോടുന്നു മിക്കപ്പോഴും, ജീവിതത്തിലേക്ക് പുതുമയുടെ പ്രതീക്ഷ പകർത്തി പെയ്‌തൊഴിയുന്നു. അത്തരത്തിലുള്ള നനവാർന്ന നിമിഷങ്ങളിലൂടെ സ്‌നേഹത്തിന്റെയും ബന്ധത്തിന്റെയും വിരഹത്തിന്റെയും കാത്തിരിപ്പിന്റെയും പ്രതീക്ഷയുടെയും ജീവിത സത്യങ്ങളുടെയും വിവിധ ഭാവങ്ങൾ ഈ കഥാസമാഹാരം വായനക്കാരന്റെ മുന്നിൽ തുറന്നിടുകയാണ്. കടന്നുപോയ വഴികളിലെവിടെയോ മറന്നുവെച്ച ദുഃഖങ്ങളും ശബ്ദങ്ങളും ചിരിയും കണ്ണീരും വീണ്ടും മനസ്സിലേക്ക് കടന്നുവരുമ്പോൾ അവയെല്ലാം മഴത്തുള്ളികളായി ഹൃദയത്തിൽ പതിക്കുന്ന അനുഭവമാണ് ഈ പുസ്തകം. ജീവിതത്തിന്റെ തിരക്കിനിടയിൽ ശ്രദ്ധിക്കാതെ പോകുന്ന ചെറിയ സ്‌നേഹ സ്പർശങ്ങൾക്കും നിശബ്ദമായ കരുതലുകൾക്കും പറയാതെ പോയ വാക്കുകൾക്കും ഈ പുസ്തക താളുകളിൽ കഥാകാരി പ്രത്യേകമായ ഒരു ഇടം ഒരുക്കുന്നു. പ്രകൃതിയുടെ സൗന്ദര്യത്തെയും മനുഷ്യബന്ധങ്ങളുടെ ആഴങ്ങളെയും മനസ്സിന്റെ നിശബ്ദ ചലനങ്ങളെയും ചേർത്തുപിടിച്ച് ലളിതവും ഹൃദയസ്പർശിയുമായ ഭാഷയിൽ കെ. ശ്രീകുമാരി വായനക്കാരനെ സ്വാനുഭവങ്ങളിലേക്കും വികാരങ്ങളിലേക്കും ഒരു നിർമ്മല മഴയായി കൂട്ടിക്കൊണ്ടുപോകുന്നു.

ചില പുസ്തകങ്ങൾ വായിച്ചുതീർക്കാം, എന്നാൽ ചിലത് മനസ്സിൽ അനുഭവിച്ച് തീർക്കേണ്ടതാണ്. മഴത്തുള്ളികളിലെ സ്‌നേഹസ്പർശം അത്തരമൊരു പുസ്തകമാണ്. ഓരോ താളിലും ഒരുനീർമ്മിഴിത്തുള്ളിയുടെ നനവും ഓരോ വാക്കിലും മഴത്തണുപ്പും അവശേഷിപ്പിച്ച് വായന കഴിഞ്ഞാലും ഹൃദയത്തിൽ ഏറെനേരം പെയ്തുകൊണ്ടിരിക്കുന്ന ഒരു സ്‌നേഹമഴയാണ് ഈ പുസ്തകം.

ഗണിതം മനുഷ്യ ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിറഞ്ഞുനിൽക്കുന്ന ഒരു വിജ്ഞാനശാഖയാണ്. കണക്കുകൂട്ടലുകൾ മാത്രമല്ല, യുക്തിചിന്ത, പ്രശ്‌ന പരിഹാര ശേഷി, തീരുമാനമെടുക്കൽ എന്നീ കഴിവുകൾ വളർത്തിയെടുക്കുന്നതിനും ഗണിതപഠനം വലിയ പങ്ക് വഹിക്കുന്നു. എന്നിരുന്നാലും പല വിദ്യാർത്ഥികളും ഗണിതത്തെ പ്രയാസമുള്ള വിഷയമായാണ് കാണുന്നത്. ഈ തെറ്റിദ്ധാരണ മാറ്റി ഗണിതത്തെ അയത്‌ന ലളിതവും രസകരവുമായി അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ. ശ്രീകുമാരി 'ഗണിതം ലളിതം' എന്ന പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. സ്‌കൂൾ വിദ്യാർത്ഥികൾക്കും മത്സര പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കും ഗണിതത്തിൽ അടിസ്ഥാനപരമായ അറിവ് മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഈ പുസ്തകം പ്രയോജനകരമാകുന്ന ഒരു പഠനസഹായി ആയിരിക്കുമെന്ന് എഴുത്തുകാരി പറയുന്നു. ഗണിതം മനസ്സിലാക്കി പഠിക്കുമ്പോൾ അത് ഒരിക്കലും പ്രയാസമുള്ള വിഷയമല്ലെന്ന് ഈ പുസ്തകം ബോധ്യപ്പെടുത്തുകയാണ്.

ഗണിതം ഭയപ്പെടാനുള്ള വിഷയമല്ല, മനസ്സിലാക്കി പഠിച്ചാൽ ജീവിതം മുഴുവൻ വഴികാട്ടുന്ന ഒരു സുഹൃത്താണെന്ന് ഓർമ്മിപ്പിക്കുകയാണ് 'ഗണിതം ലളിതം' എന്ന ഈ പുസ്തകം.

കരുനാഗപ്പള്ളി ടൗൺ യുപിഎസിൽ നടന്ന ചടങ്ങിലാണ് പുസ്തകങ്ങൾ പ്രകാശനം ചെയ്തത്. അധ്യാപക കലാസാഹിതി സംസ്ഥാന കമ്മിറ്റിയാണ് പുസ്തകത്തിന്റെ പ്രസാധകർ. 'ഗണിതം ലളിതം' എന്ന പുസ്തകത്തിന് 300 രൂപയും മഴത്തുള്ളികളുടെ സ്‌നേഹസ്പർശത്തിന് 200 രൂപയുമാണ് മുഖവില.