ആരോപണവുമായി സിറാജ് മാനേജ് മെൻ്റ്

തിരുവനന്തപുരം:

സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീര്‍ കൊലപാതക കേസിന്റെ വിചാരണ അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഇടപ്പെട്ടതായി ഗുരുതര ആരോപണം. സിറാജ് ദിനപത്രം ഡയക്ടറും കേരള മുസ്‌ലിംജമാഅത്ത് സംസ്ഥാന വൈസ ്പ്രസിഡന്റുമായ എ സൈഫുദ്ദീന്‍ ഹാജിയാണ് വാര്‍ത്താസമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചത്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ തീരുമാനം മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് അട്ടിമറിച്ചത്. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ലംഘിച്ചാണ് തീരുമാനം. കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന കൊല്ലപ്പെട്ട ബഷീറിന്റെ ഭാര്യയുടെ ആവശ്യവുമായി ബന്ധപ്പെട്ട ഫയല്‍ ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിയില്‍ നിന്ന് ചീഫ് സെക്രട്ടറി വിളിച്ചുവരുത്തി എതിര്‍ അഭിപ്രായം രേഖപ്പെടുത്തിയ ശേഷമാണ് ഒടുവില്‍ ആവശ്യം നിരാകരിച്ചിരിക്കുന്നത്.

കേസില്‍ വിവാദ ഐ എ എസ് ഉദ്യോഗസ്ഥനായ ശ്രീറാംവെങ്കിട്ടറാമാണ് ഒന്നാം പ്രതിയെന്നിരക്കെ ഐ എ എസ് ലോബിക്കുവേണ്ടിയാണ് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഇടപ്പെട്ടതെന്നും ആഭ്യന്തരമന്ത്രി ഇക്കാര്യത്തില്‍ നിസ്സഹായനാണെന്നും കേസിലെ പരാതിക്കാരനായ എ സൈഫുദ്ദീന്‍ ഹാജി പറഞ്ഞു. ബഷീര്‍ കൊല്ലപ്പെട്ട് ഏഴ് വര്‍ഷമായിട്ടും വിചാരണ നീട്ടിക്കൊണ്ട് പോകാനും അട്ടിമറിക്കാനും പ്രതിനടത്തുന്ന ശ്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതാണ് സര്‍ക്കാറിന്റെ നിലപാട്. ഒരു തവണ നിസ്സാര വിഷയത്തില്‍ കോടതി മാറ്റി. എന്നാല്‍ ആദ്യ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടറെ കേസില്‍ നിന്നൊഴിവാക്കി. അതോടെ അപകടം മണത്ത ബഷീറിന്റെ ഭാര്യ സി ജസീല സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ സേവനം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് നിവേദനം നല്‍കി. മന്ത്രി അനുകൂലമായി പ്രതികരിച്ചെങ്കിലും നിയമനം നീണ്ടതോടെ ജസീല ഹൈക്കോടതിയെ സമീപിച്ചു. എ സന്തോഷ്‌കുമാറിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ ഈ ഉത്തരവിറങ്ങുന്നതുവരെ തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതി നാലിലെ വിചാരണ നടപടി മാറ്റിവെക്കാന്‍ കോടതി ഉത്തരവിട്ടു.

പിന്നീട് ഇതിന് വിരുദ്ധമായാണ് സപ്തംബര്‍ 17ന് ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യം നിരസിച്ചുകൊണ്ട് ഉത്തരവിറക്കിയത്. തുടര്‍ന്ന് സര്‍ക്കാരിന്റെ ഈ വഞ്ചനക്കെതെിരെ ബഷീറിന്റെ ഭാര്യ വീണ്ടും ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് ഫയല്‍ ഹാജരാക്കാന്‍ കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇരയുടെയോ കുടുംബത്തിന്റെയോ അപേക്ഷയില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കല്‍ സ്വാഭാവിക നടപടിയാണെന്നിരിക്കെ ഈ കേസില്‍ ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശം പോലും മുഖ്യമന്ത്രി അട്ടിമറിച്ചത് കൊടും ചതിയും വഞ്ചനയുമാണെന്ന് സൈഫുദ്ദീന്‍ ഹാജി പറഞ്ഞു. ബഷീറിന്റെ കുടുംബത്തിന് നീതി നിഷേധിക്കുന്ന നിലപാട് സര്‍ക്കാര്‍ തിരുത്തിയില്ലെങ്കില്‍ കേരള മുസ്‌ലിം ജമാഅത്ത് തുടര്‍നടപടികള്‍ ആലോചിച്ച് തീരുമാനിക്കുെമന്നും ആവശ്യമെങ്കില്‍ ബഷീറിന്റെ വിധവയും മക്കളും സമരത്തിന് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.