കുവൈറ്റ് സിറ്റി: മദീന മസ്ജിദുന്നബവിക്ക് വൈദ്യുതി വിതരണം ചെയ്യുന്ന നിലയത്തിന് നേരെയുണ്ടായ ഹൂതി മിലിഷ്യയുടെ ആക്രമണത്തെ കുവൈറ്റ് വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഇസ്‌ലാമിക വിശുദ്ധ സ്ഥലങ്ങളുമായി ബന്ധപ്പെട്ട സംവിധാനങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നത് മുസ്‌ലിംകളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതും വിശുദ്ധ സ്ഥലങ്ങളുടെ പവിത്രതയെ ഗുരുതരമായി ലംഘിക്കുന്നതുമായ നടപടിയാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

വിശുദ്ധ മസ്ജിദുന്നബവിയുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ ലക്ഷ്യമിടുന്നത് അംഗീകരിക്കാനാകാത്ത നടപടിയാണെന്നും ഇത്തരം ആക്രമണങ്ങൾ മേഖലയിലെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണെന്നും കുവൈറ്റ് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.