ജയറാം ഗോപിനാഥ്

താനയിലെ ഒരു വൃദ്ധസദനത്തിലിരുന്ന്, രോഗപീഡകളാൽ ക്ഷീണിതനായ ഒരു മനുഷ്യൻ സംസാരിക്കുകയാണ്. അയാളുടെ തൊണ്ട ഇടറുന്നുണ്ട്... വാക്കുകൾ ഇടയ്ക്ക് ഇടയ്ക്ക് മുറിഞ്ഞു പോകുന്നുണ്ട്.

അത് വിനോദ് കാബ്ലിയാണ്! ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ ആകാശത്ത്, സച്ചിൻ ടെണ്ടുൽക്കർക്കൊപ്പം ജ്വലിച്ചു നിന്ന വിനോദ് കാബ്ലി എന്ന flamboyant ഇടം കൈയ്യൻ ബാറ്റർ!

38 വർഷങ്ങൾക്കു മുമ്പ്, മുംബൈയിലെ ശിവാജി പാർക്ക് ഗ്രൗണ്ടിൽ, സച്ചിനൊപ്പം 664 റൺസിന്റെ ചരിത്ര കൂട്ടുകെട്ട് പടുത്തുയർത്തിയ സച്ചിന്റെ കളിക്കൂട്ടുകാരൻ. പ്രതിഭയുടെ കാര്യത്തിൽ സച്ചിനെക്കാൾ മുന്നിലെന്ന് ആ കാലത്ത് പലരും വിലയിരുത്തിയ അത്ഭുത ബാലൻ!

ടീം ഇന്ത്യയുടെ വൈറ്റ് ജേഴ്സിയിൽ ആദ്യത്തെ ഏഴ് ടെസ്റ്റ് മാച്ചുകൾ കളിച്ചു കഴിഞ്ഞപ്പോൾ, രണ്ട് ഡബിൾ സെഞ്ചുറികളും, രണ്ട് സെഞ്ചുറികളും അടക്കം 110 നു മുകളിൽ ബാറ്റിംഗ് ആവറേജ് ഉണ്ടായിരുന്നവൻ. സച്ചിൻ തെണ്ടുൽക്കർ തന്റെ ആദ്യ ടെസ്റ്റ് ഡബിൾ സെഞ്ച്വറി നേടുന്നത് അദ്ദേഹത്തിന്റെ 79 ആമത്തെ ടെസ്റ്റിലാണ് എന്നോർക്കണം.

ഏറ്റവും വേഗത്തിൽ ആയിരം ടെസ്റ്റ് റൺസ് നേടിയതിന്റെയും, ഏറ്റവും ഉയർന്ന ടെസ്റ്റ് ബാറ്റിംഗ് ആവറേജിന്റെയും ഇന്ത്യൻ റെക്കോർഡ് ഇപ്പോഴും സ്വന്തം പേരിലുള്ള വിനോദ്.

ആ വിനോദാണ്, ​സ്റ്റേഡിയത്തിലെ ആയിരക്കണക്കിന് ആരാധകരുടെ ആരവങ്ങളിൽ നിന്ന് ഒഴിഞ്ഞ്, ദൂരെ ഒരു വൃദ്ധസദനത്തിന്റെ ശാന്തവും ഏകാന്തവുമായ ഇടനാഴിയിലിരുന്ന് ജീവിതവുമായി പട വെട്ടിക്കൊണ്ടിരിക്കുന്നത്.

ഒരേ മണ്ണിൽ നിന്ന്, ഒരേ കോച്ചിന്റെ കീഴിൽ, ഒരേ സ്വപ്നവുമായി തുടങ്ങിയ രണ്ട് ബാലന്മാരായിരുന്നു സച്ചിനും വിനോദും.

ഒരാൾ ക്രിക്കറ്റിന്റെ ദൈവമായി പരിണമിച്ചപ്പോൾ, മറ്റേയാൾ പ്രതിഭയുടെ കൊടുമുടിയിൽ നിന്ന് നഷ്ടങ്ങളുടെയും ഏകാന്തതയുടെ ആഴങ്ങളിലേക്ക് പതിച്ചുപോയി.

പ്രതിഭ നമ്മുടെ മുൻപിൽ വിജയത്തിലേക്കുള്ള ഒരു വലിയ വാതിൽ തുറക്കും. പക്ഷേ ആ വാതിലിലൂടെ എത്ര ദൂരം നടക്കണമെന്ന് തീരുമാനിക്കുന്നത് നമ്മുടെ ആത്മസമർപ്പണവും, അച്ചടക്കവും, പരിശ്രമവും, ഫോക്കസ്സുമൊക്കെയാണ്. സച്ചിൻ ഇതിന്റെയെല്ലാം വിളനിലമായിരുന്നു.

ഹെൻറി ഒലോംഗയുടെ റോ പേസിന് മുന്നിൽ വീണപ്പോഴും, ഷെയ്ൻ വോണിന്റെ ലെഗ് സ്പിന്നിൽ പരീക്ഷിക്കപ്പെട്ടപ്പോഴും, ഓസ്ട്രേലിയൻ മണ്ണിൽ ഓഫ് സ്റ്റമ്പിന് പുറത്തുള്ള പന്തുകളിൽ വീണ്ടും വീണ്ടും പുറത്തായപ്പോഴും, ടെന്നിസ് എൽബോ എന്ന പരിക്ക് കരിയറിനെ അവസാനിപ്പിക്കാൻ ശ്രമിച്ചപ്പോഴുമെല്ലാം കൂടുതൽ കരുത്തോടെ തിരിച്ചുവരാൻ സച്ചിന് കഴിഞ്ഞത് അതുകൊണ്ടായിരുന്നു.

അതേസമയം, വിനോദിന്റെ കഥ മറ്റൊന്നാണ്. കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴാണ് 1994-ൽ വെസ്റ്റ് ഇൻഡീസ് ഇന്ത്യയിൽ ടെസ്റ്റ് പരമ്പരയ്ക്കെത്തുന്നത്. ആ പരമ്പരയിൽ കോർട്നി വാൽഷും കെന്നി ബെഞ്ചമിനും ചേർന്ന്, short -pitch പന്തുകൾ കൊണ്ട് വിനോദിനെ നിരന്തരം പരീക്ഷിക്കുകയും പുറത്താക്കുകയും ചെയ്ത് ആയാളുടെ ദൗർബല്യം ക്രിക്കറ്റ് ലോകത്തിന് മുന്നിൽ തുറന്നു കാട്ടികൊടുത്തു.

പക്ഷേ, ആ ദൗർബല്യം തിരിച്ചറിഞ്ഞ് അതിനെ മറികടക്കാൻ, സച്ചിനെപ്പോലെ അതേ തീവ്രതയോടെ തിരിച്ചുവരാൻ വിനോദിന് കഴിഞ്ഞില്ല. അതോടൊപ്പം, പെട്ടെന്ന് ലഭിച്ച പണവും പ്രശസ്തിയും നൽകിയ മായാവലയത്തിൽ ഫോക്കസ് പതുക്കെ നഷ്ടപ്പെട്ടു. പരിശീലനത്തിന്റെ കഠിനവഴികൾക്ക് പകരം രാത്രിപ്പാർട്ടികളുടെയും ആഘോഷങ്ങളുടെയും തിളക്കത്തിലേക്ക് അയാൾ വഴുതിവീണു. ഒരിക്കൽ തന്റെ ഏറ്റവും വലിയ കരുത്തായിരുന്ന പ്രതിഭ തന്നെ അയാൾക്ക്‌ കൈമോശം വന്നുകൊണ്ടിരുന്നു.

പിന്നീടുള്ള ജീവിതത്തിൽ വിനോദിന്റെ കഥ കൂടുതൽ വേദനാജനകമായി മാറി. ഇന്ത്യൻ ടീമിലെ സ്ഥാനം നഷ്ടപ്പെട്ടതോടെ ക്രിക്കറ്റിൽ നിന്ന് അയാൾ പതുക്കെ അകന്നു. അതിനൊപ്പം മദ്യാസക്തിയും ജീവിതത്തിലെ പല പ്രതിസന്ധികളും അയാളെ കൂടുതൽ തളർത്തി.

സമ്പാദിച്ച പണം നഷ്ടപ്പെട്ടു, ആരോഗ്യം ക്ഷയിച്ചു, തുടർച്ചയായ ശസ്ത്രക്രിയകൾക്ക് വിധേയനാകേണ്ടിവന്നു. ഒടുവിൽ ലഹരിയിൽ നിന്ന് മുക്തി നേടാൻ ചികിത്സ തേടേണ്ട സാഹചര്യം വരെയും ജീവിതം അയാളെ കൊണ്ടെത്തിച്ചു. ഒരിക്കൽ ക്രിക്കറ്റ് ലോകം വലിയ പ്രതീക്ഷയോടെ കണ്ട ആ പ്രതിഭയുടെ പിന്നീടുള്ള യാത്ര, ഒരു മനുഷ്യൻ തന്റെ തന്നെ ജീവിതത്തോട് നടത്തിയ വേദനാജനകമായ പോരാട്ടത്തിന്റെ കഥയായി മാറുകയായിരുന്നു.

സച്ചിന്റെയും വിനോദ് കാംബ്ലിയുടെയും ജീവിതം നമ്മുടെ കുട്ടികളുടെ പാഠപുസ്തകങ്ങളുടെ ഭാഗമാകണമെന്നാണ് എന്റെ അഭിപ്രായം.

അത് ഒരാളെ ഉയർത്തിക്കാണിക്കാനോ മറ്റൊരാളെ താഴ്ത്തിക്കാണിക്കാനോ വേണ്ടിയല്ല.

കുട്ടികൾ സച്ചിനിൽ നിന്ന് വിജയം പഠിക്കട്ടെ.

വിനോദിൽ നിന്ന്, ഫോക്കസ്ഡ് അല്ലെങ്കിൽ നഷ്ടപ്പെട്ടു പോയേക്കാവുന്ന

സാധ്യതകളുടെ വേദനയും.

ഒരു തലമുറയെ സ്വന്തം പ്രതിഭ പാഴാക്കാതിരിക്കാൻ മുന്നറിയിപ്പ് നൽകുന്ന ഏറ്റവും വേദനയേറിയ, എന്നാൽ ഏറ്റവും ശക്തമായ ജീവിതപാഠമായിരിക്കും വിനോദിന്റെ ജീവിതം.