എം. എസ്. സനിൽ കുമാർ
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കാനും അനാവശ്യ ധൂർത്തുകൾ ഒഴിവാക്കി ഖജനാവിലേക്ക് വരുമാനം വർദ്ധിപ്പിക്കാനും മുഖ്യമന്ത്രി വി.ഡി. സതീശൻ കൃത്യമായ ധനകാര്യ മാനേജ്‌മെന്റുമായി മുന്നോട്ടുപോകുമ്പോഴും, മുൻ പിണറായി സർക്കാർ ഉണ്ടാക്കിവെച്ച സാമ്പത്തിക ബാധ്യതകൾ നിലവിലെ സർക്കാരിന് വലിയ തലവേദനയാകുന്നു. മുൻ സർക്കാരിന്റെ കാലത്ത് വലിയ കൊട്ടിഘോഷങ്ങളോടെ നടത്തിയ മേഖലാ അവലോകന യോഗങ്ങളുടെ ലക്ഷക്കണക്കിന് രൂപയുടെ കുടിശിക ബാധ്യതകൾ തീർക്കാൻ ഒടുവിൽ സതീശൻ സർക്കാർ ഫണ്ട് അനുവദിച്ച് ഉത്തരവിറക്കി.
ഭരണാനുമതി നൽകിയ പരിധിയും കടന്ന് ജില്ലാ കളക്ടർമാർ വരുത്തിവെച്ച 38,88,720 രൂപയുടെ (മുപ്പത്തിയെട്ട് ലക്ഷത്തി എൺപത്തിയെണ്ണായിരത്തി എഴുന്നൂറ്റിയിരുപത് രൂപ) അധികച്ചെലവ് സാധൂകരിച്ചുകൊണ്ടാണ് പൊതുഭരണ (ഏകോപനം) വകുപ്പ് സർക്കാർ ഉത്തരവ് (സ.ഉ.(സാധാ) നം.4955/2026/GAD) പുറപ്പെടുവിച്ചത്.
ജനങ്ങളിലേക്ക് ഭരണ നേട്ടങ്ങൾ എത്തിക്കാനും പരാതികൾ തീർപ്പാക്കാനുമെന്ന പേരിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ പാലക്കാട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം എന്നിവിടങ്ങളിലാണ് മേഖലാ അവലോകന യോഗങ്ങൾ സംഘടിപ്പിച്ചത്. അന്ന് യോഗ നടത്തിപ്പിനായി ഓരോ കളക്ടർക്കും 15 ലക്ഷം രൂപ വീതം ആകെ 60 ലക്ഷം രൂപ അനുവദിച്ചിരുന്നു:
എന്നാൽ ഈ തുക തികയാതെ വരികയും വൻതുക അധികമായി ചെലവാകുകയും ചെയ്തതായി കളക്ടർമാർ സർക്കാരിനെ അറിയിച്ചു. പാലക്കാട് (20,06,418 രൂപ), തിരുവനന്തപുരം (15,92,125 രൂപ), കണ്ണൂർ (23,87,765 രൂപ), കോട്ടയം (19,02,412 രൂപ) എന്നിങ്ങനെ ആകെ 78,88,720 രൂപയാണ് യോഗങ്ങൾക്കായി ചെലവായത്.
കുടിശിക തീർത്ത് സതീശൻ സർക്കാർ: മുൻപ് അനുവദിച്ച തുക കഴിഞ്ഞ് ബാക്കി നൽകാനുണ്ടായിരുന്ന 38.88 ലക്ഷം രൂപ അനുവദിച്ചു കിട്ടാൻ കളക്ടർമാർ സർക്കാരിന് കത്തുകൾ നൽകിയിരുന്നു. സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയാണെങ്കിലും ഭരണപരമായ പ്രതിസന്ധി ഒഴിവാക്കാൻ ഈ അധികച്ചെലവുകൾ സാധൂകരിച്ച് സതീശൻ സർക്കാർ തുക റിലീസ് ചെയ്യുകയായിരുന്നു.
മേഖലാ അവലോകന യോഗങ്ങളും നവകേരള സദസ്സും വഴി ജനങ്ങളുമായി ബന്ധം സ്ഥാപിക്കാൻ പിണറായി സർക്കാരിന് സാധിച്ചില്ലെന്ന് തിരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിച്ചെങ്കിലും, അതിന്റെ പേരിൽ ഉദ്യോഗസ്ഥർ വരുത്തിവെച്ച ധൂർത്തിന്റെ ബില്ലുകൾ അടച്ചുതീർക്കേണ്ട ഗതികേടിലാണ് പുതിയ ഭരണകൂടം.