വസ്ത്രങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും ഫർണിച്ചറും ശേഖരിച്ച് മറിച്ചുവിറ്റു; മാസം 60,000 ദിനാർ വരെ വരുമാനം

കുവൈത്ത് സിറ്റി: ചാരിറ്റി പദ്ധതിയുടെ പേരിൽ ജനങ്ങളിൽനിന്ന് ശേഖരിച്ച സാധനങ്ങൾ മറിച്ചുവിൽപ്പന നടത്തി വ്യക്തിഗത സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന കേസിൽ അഞ്ച് പേരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു. മൂന്ന് സിറിയൻ പൗരന്മാരും രണ്ട് ഈജിപ്ഷ്യൻ പൗരന്മാരുമാണ് പിടിയിലായത്.

ജഹ്റ ഗവർണറേറ്റിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് കീഴിലെ സുലൈബിയ ഇൻവെസ്റ്റിഗേഷൻ ഓഫീസാണ് കേസിൽ അന്വേഷണം നടത്തിയത്. ഒരു ഫർണിച്ചർ മാറ്റുന്ന കമ്പനി, ചാരിറ്റി സംഘടനയുടെ പദ്ധതിയുമായി ബന്ധപ്പെട്ട വെബ്‌സൈറ്റും ഫോൺ നമ്പറും സംഘടനയിലെ ഒരു ജീവനക്കാരൻ മുഖേന വാടകയ്ക്ക് എടുത്തതായി അന്വേഷണത്തിൽ കണ്ടെത്തി. സംഘടനയിലെ അംഗങ്ങളുടെ അറിവില്ലാതെയായിരുന്നു ഈ നടപടിയെന്നാണ് അധികൃതർ വ്യക്തമാക്കിയത്.

ചാരിറ്റി പദ്ധതിയുടെ പേരിൽ വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫർണിച്ചർ, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയ സാധനങ്ങൾ സംഭാവനയായി സ്വീകരിച്ചു. ഇവ ചാരിറ്റി പദ്ധതിയുടെ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുമെന്ന ധാരണയാണ് സംഭാവന നൽകിയവരിൽ സൃഷ്ടിച്ചത്.

എന്നാൽ പിന്നീട് ഈ സാധനങ്ങൾ വിവിധ പ്രതിനിധികൾ മുഖേന ശേഖരിച്ച് പ്രാദേശിക വിപണിയിൽ വിൽക്കുകയോ വിദേശത്തേക്ക് കയറ്റി അയയ്ക്കുകയോ ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. ഇത്തരത്തിൽ ചാരിറ്റി പദ്ധതിയുടെ മറവിൽ നടത്തിയ ഇടപാടുകളിലൂടെ പ്രതികൾക്ക് പ്രതിമാസം ഏകദേശം 60,000 കുവൈത്ത് ദിനാർ വരെ വരുമാനം ലഭിച്ചിരുന്നതായാണ് അന്വേഷണത്തിൽ വ്യക്തമായത്.

കേസുമായി ബന്ധപ്പെട്ട് അംഘറ പ്രദേശത്തുള്ള കമ്പനിയുടെ ഗോഡൗണിലും പരിശോധന നടത്തി. അവിടെനിന്ന് ബന്ധപ്പെട്ട സാധനങ്ങൾ കണ്ടെത്തിയതായും അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത വസ്തുക്കളുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കി പ്രതികൾക്കെതിരെ നിയമനടപടികൾ തുടരുകയാണ്.