കൊട്ടിയൂർ : ഇന്നലെ രാത്രി കണ്ണൂർ കൊട്ടിയൂരിൽ ഒരു സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങളാണ് അരങ്ങേറിയത്.

കർണ്ണാടകയിൽ ഒരു കോറി നടത്തുന്ന കൊടുവള്ളി സ്വദേശിയായ ജാഫർ എന്നൊരാൾ അവിടെ നിന്നും നാട്ടിലേക്ക് വരുന്ന വഴിയാണ് ഈ നാടകീയ സംഭവങ്ങളുടെ തുടക്കം. വയനാട് മീനങ്ങാടിയിൽ വെച്ച് പത്തംഗങ്ങളുള്ള ഒരു സംഘം ഇദ്ദേഹത്തെ വഴിയിൽ തടയുകയും മുഖത്ത് മുളകുപൊടി സ്പ്രേ അടിച്ച ശേഷം കാറിൽ നിന്നും വലിച്ചിറക്കുകയുമായിരുന്നു. തുടർന്ന് കർണ്ണാടക രജിസ്ട്രേഷനിലുള്ള അദ്ദേഹത്തിന്റെ ഇന്നോവ ക്രിസ്റ്റ കാർ സംഘം തട്ടിയെടുത്ത് കടന്നുകളഞ്ഞു. ഈ അക്രമിസംഘം കാറുമായി കൊട്ടിയൂർ സമാന്തര റോഡിനോട് ചേർന്ന്, നീണ്ടുനോക്കി പാലത്തിനടുത്തുള്ള ഒരാളൊഴിഞ്ഞ പറമ്പിൽ എത്തിയപ്പോഴാണ് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്. ഒരു വീടിന്റെ തറ പണിയാനായി നിരപ്പാക്കിയിട്ടിരുന്ന ഈ സ്ഥലത്ത് ഇന്നോവ ക്രിസ്റ്റയ്ക്ക് പുറമെ മറ്റ് രണ്ടു കാറുകൾ കൂടി വന്നു നിന്നിരുന്നു. ഇതിൽ കേരള രജിസ്ട്രേഷൻ കാറുകളും കർണ്ണാടക രജിസ്ട്രേഷൻ കാറുകളും ഉൾപ്പെട്ടിരുന്നു.

മുൻപിലുള്ള കാറിലുള്ളവരെ പിന്നിൽ വന്നവർ ആക്രമിക്കുകയാണെന്നാണ് നാട്ടുകാർ ആദ്യം കരുതിയതെങ്കിലും, പിന്നീട് എല്ലാവരും ചേർന്ന് ജാഫറിൽ നിന്നും തട്ടിയെടുത്ത ആ ഇന്നോവ കാറിന്റെ സീറ്റുകളും മറ്റും കുത്തിക്കീറി അതിനകത്ത് എന്തോ തിരയുകയാണെന്ന് ആളുകൾക്ക് മനസ്സിലായി. കാറിലുണ്ടായിരുന്ന പണമോ സ്വർണ്ണമോ കണ്ടെത്താനായിരുന്നു ഈ തിരച്ചിൽ എന്ന് പോലീസ് പ്രാഥമികമായി സംശയിക്കുന്നുണ്ടെങ്കിലും കാറിൽ നിന്നും മറ്റൊന്നും തന്നെ കണ്ടെടുക്കാനായിട്ടില്ല. കാര്യങ്ങൾ പന്തിയല്ലെന്ന് കണ്ട് നാട്ടുകാർ ഇടപെടാൻ തുടങ്ങിയതോടെ ഭയന്ന അക്രമികൾ മൂന്ന് കാറുകളും അവിടെത്തന്നെ ഉപേക്ഷിച്ച് പലവഴിക്കായി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിൽ ചിലർ തൊട്ടടുത്തുള്ള ബാവലി പുഴയിലേക്കാണ് ഓടിയിറങ്ങിയത്. എന്നാൽ പുഴയിൽ വെള്ളം കുറവായിരുന്നതിനാൽ അതിലേക്ക് ചാടിയ രണ്ടുപേരെ നാട്ടുകാർ തന്നെ സാഹസികമായി പിടികൂടുകയായിരുന്നു. വിവരമറിഞ്ഞ് ആദ്യം കേളകം പോലീസും പിന്നീട് പേരാവൂർ പോലീസും സ്ഥലത്തെത്തി നടത്തിയ വിശദമായ അന്വേഷണത്തിലാണ് വാഹനം തട്ടിയെടുത്ത കഥ പുറത്തറിയുന്നത്.

തുടർന്ന് ഈ സംഭവത്തിൽ മീനങ്ങാടി പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. നാട്ടുകാർ പിടികൂടിയ കണ്ണൂർ സ്വദേശികളായ സൗരവ്, രഞ്ജു എന്നിവരെ കേളകം പോലീസ് മീനങ്ങാടി പോലീസിന് കൈമാറുകയും അവർ ഇവരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. പത്തംഗ സംഘത്തിലെ ബാക്കി എട്ടു പേർ എവിടേക്കാണ് കടന്നുകളഞ്ഞത് എന്ന് കണ്ടെത്താനായി ഇപ്പോൾ പോലീസ് ഊർജ്ജിതമായ അന്വേഷണം നടത്തിവരികയാണ്.