കുവൈത്ത് സിറ്റി: സർക്കാർ സബ്സിഡിയുള്ള റേഷൻ സാധനങ്ങളുടെ തൂക്കത്തിൽ കൃത്രിമം നടത്തി അവ നിയമവിരുദ്ധമായി വിൽപ്പന നടത്തിയെന്ന കേസിൽ മൂന്ന് പേരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു. ജഹ്റ ഗവർണറേറ്റിലെ സഅദ് അൽ അബ്ദുല്ല ഇൻവെസ്റ്റിഗേഷൻ ഓഫീസാണ് കേസിൽ നടപടി സ്വീകരിച്ചത്.

അറസ്റ്റിലായവരിൽ ഒരാൾ നിയമവിരുദ്ധ താമസക്കാരനും മറ്റ് രണ്ടുപേർ ഈജിപ്ഷ്യൻ പൗരന്മാരുമാണ്. വഹ പ്രദേശത്തെ ഒരു ഗോഡൗണിൽ സബ്സിഡിയുള്ള റേഷൻ സാധനങ്ങൾ സൂക്ഷിക്കുകയും വിൽക്കുകയും ചെയ്തിരുന്ന ഒരാളെ ആദ്യം പിടികൂടുകയായിരുന്നു.

അന്വേഷണത്തിൽ ഇയാൾ റേഷൻ ബ്രാഞ്ചിൽ ജോലി ചെയ്യുന്ന മറ്റ് രണ്ട് പ്രതികളിൽനിന്നാണ് സാധനങ്ങൾ വാങ്ങിയിരുന്നതെന്ന് സമ്മതിച്ചതായി അധികൃതർ അറിയിച്ചു. ഏകദേശം രണ്ട് വർഷമായി ഇടപാട് തുടരുകയായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.

തുടർന്ന് നടത്തിയ പരിശോധനയിൽ റേഷൻ ബ്രാഞ്ചിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെയും ഗോഡൗൺ ചുമതലയുള്ള ഉദ്യോഗസ്ഥനെയും അറസ്റ്റ് ചെയ്തു. ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യേണ്ട റേഷൻ സാധനങ്ങളുടെ യഥാർഥ തൂക്കത്തിൽനിന്ന് ഒരു ഭാഗം കുറച്ച് അത് പുറത്തേക്ക് വിൽക്കുകയായിരുന്നു രീതിയെന്ന് അധികൃതർ വ്യക്തമാക്കി.

റേഷൻ ബ്രാഞ്ചിലെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളും പരിശോധിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദൃശ്യങ്ങൾ അന്വേഷണത്തിൽ ലഭിച്ച മൊഴികളുമായി പൊരുത്തപ്പെട്ടതായും അധികൃതർ വ്യക്തമാക്കി. പ്രതികൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്.