ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ട്രാൻസിറ്റ് പ്രവർത്തനങ്ങൾ നിർത്തിവെച്ചത് തുടരും
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ട്രാൻസിറ്റ്, ട്രാൻസ്ഫർ യാത്രക്കാരുടെ സർവീസുകൾ പുനരാരംഭിക്കുന്നത് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നീട്ടിയതായി കുവൈത്ത് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി. ട്രാൻസിറ്റ് സർവീസുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിമാനക്കമ്പനികളുമായി നിലവിൽ പുതിയ ഏകോപനമോ തീരുമാനമോ ഉണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
ട്രാൻസിറ്റ് സർവീസുകൾ ഒക്ടോബർ ഒന്നുമുതൽ പുനരാരംഭിക്കുമെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗികമായി അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. യാത്രക്കാരിൽ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ വിമാനക്കമ്പനികൾ ഔദ്യോഗിക അറിയിപ്പുകൾ മാത്രം അടിസ്ഥാനമാക്കി സർവീസുകൾ സംബന്ധിച്ച വിവരങ്ങൾ നൽകണമെന്നും അധികൃതർ നിർദേശിച്ചു.
ജസീറ എയർവേയ്‌സും സെപ്റ്റംബർ 30ന് പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിൽ, സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അഭ്യർഥന പ്രകാരം ടെർമിനൽ-5 വഴിയുള്ള ട്രാൻസ്ഫർ, ട്രാൻസിറ്റ് യാത്രക്കാരുടെ സർവീസുകൾ പുനരാരംഭിക്കുന്നത് വൈകിയതായി അറിയിച്ചു. സർവീസ് പുനരാരംഭിക്കുന്ന തീയതി പിന്നീട് അറിയിക്കുമെന്നും കമ്പനി വ്യക്തമാക്കി.