വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാർബർ വരുന്നു! ഒന്നാം ഘട്ടം നടപ്പിലാക്കാൻ തത്വത്തിൽ ഭരണാനുമതി നൽകി സർക്കാർ; 235 മീറ്റർ പുലിമുട്ടും 500 മീറ്റർ ബെർത്തും നിർമ്മിക്കും; നിർണ്ണായക ഉത്തരവിറങ്ങി!

എം എസ് സനിൽ കുമാർ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖ പദ്ധതിക്കൊപ്പം തീരദേശവാസികളുടെയും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെയും ദീർഘകാല ആവശ്യമായ അത്യാധുനിക പുതിയ ഫിഷിംഗ് ഹാർബർ നിർമ്മാണത്തിന് നിർണ്ണായക വഴിത്തിരിവ്. പദ്ധതിയുടെ ഒന്നാം പാക്കേജ് (Package-I) കൺസഷൻ കരാറിലെ വ്യവസ്ഥകൾ പ്രകാരം അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് (AVPPL) വഴി നടപ്പിലാക്കുന്നതിന് തത്വത്തിൽ ഭരണാനുമതി (In-principle Administrative Sanction) നൽകി സംസ്ഥാന ഫിഷറീസ്-തുറമുഖ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു (സ.ഉ.(സാധാ) നം. 585/2026/F&P).

നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിച്ച് നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL) മാനേജിംഗ് ഡയറക്ടറുടെ ശുപാർശ അംഗീകരിച്ച് സർക്കാർ നടപടി വേഗത്തിലാക്കിയത്.

സിഡബ്ല്യുപിആർഎസ് പഠനവും രൂപരേഖയിലെ മാറ്റങ്ങളും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാം ഘട്ട പുലിമുട്ട് നിർമ്മാണം പൂർത്തിയായതിനെത്തുടർന്ന് നിലവിലെ ഫിഷിംഗ് ഹാർബറിന്റെ പ്രവേശന കവാടത്തിൽ തിരയടി കൂടുന്നുവെന്ന ആശങ്ക മത്സ്യത്തൊഴിലാളികളും ഹാർബർ എൻജിനീയറിംഗ് വകുപ്പും ഉന്നയിച്ചിരുന്നു:

ഇതിന്റെ അടിസ്ഥാനത്തിൽ പുണെയിലെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ (CWPRS) സമഗ്രമായ ഫിസിക്കൽ വേവ് മോഡൽ പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചു.

കടലിലെ തിരയിളക്കം ശാന്തമാക്കുന്നതിനും (Tranquillity conditions) ബോട്ടുകൾ സുരക്ഷിതമായി അടുപ്പിക്കുന്നതിനും പുതിയൊരു ഫിഷിംഗ് ഹാർബർ നിർമ്മിക്കാൻ വിദഗ്ദ്ധ സമിതി ശുപാർശ ചെയ്തു.

പദ്ധതിയുടെ സ്ഥാനത്തിലും അലൈൻമെന്റിലും പുലിമുട്ടിന്റെ ഘടനയിലും ബെർത്ത് ക്രമീകരണങ്ങളിലും കാര്യമായ മാറ്റങ്ങൾ വന്ന പശ്ചാത്തലത്തിൽ, കരാറിലെ വ്യവസ്ഥകൾക്ക് അനുസൃതമായി സർക്കാർ അദാനി ഗ്രൂപ്പിന് നേരത്തെ 'ചേഞ്ച് ഓഫ് സ്കോപ്പ്' നോട്ടീസ് നൽകിയിരുന്നു.

പുതിയ ഫിഷിംഗ് ഹാർബർ പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കുന്നത്:

235 മീറ്റർ പുലിമുട്ട് (Breakwater): കടൽക്ഷോഭവും ഉയർന്ന തിരമാലകളും പ്രതിരോധിച്ച് വള്ളങ്ങൾക്കും ബോട്ടുകൾക്കും സുരക്ഷിത താവളമൊരുക്കാൻ 235 മീറ്റർ നീളത്തിൽ പുതിയ പുലിമുട്ട് നിർമ്മിക്കും.

500 മീറ്റർ എൽ-ആകൃതിയിലുള്ള ബെർത്ത്: പരമ്പരാഗത വള്ളങ്ങൾക്കും യന്ത്രവത്കൃത ബോട്ടുകൾക്കും ഒരേസമയം സുഗമമായി അടുപ്പിക്കാനും മീൻ കയറ്റിയിറക്കാനും സാധിക്കുന്ന 500 മീറ്റർ നീളത്തിലുള്ള 'L' ആകൃതിയിലുള്ള ഫിഷറി ബെർത്ത്.

അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾ: ഹാർബറിലേക്ക് ആവശ്യമായ ഡ്രഡ്ജിംഗ്, ലൈറ്റിംഗ്, റോഡ് കണക്റ്റിവിറ്റി തുടങ്ങിയ അനുബന്ധ സംവിധാനങ്ങളും ഈ പാക്കേജിന്റെ ഭാഗമായി പൂർത്തിയാക്കും.

കൺസഷൻ കരാറിലെ ആർട്ടിക്കിൾ 16 പ്രകാരമുള്ള ഫണ്ടഡ് വർക്കുകൾ (Funded Works) വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് സർക്കാർ ഈ നിർമ്മാണ ചുമതല അദാനി പോർട്സിന് നൽകിയിരിക്കുന്നത്.

മത്സ്യത്തൊഴിലാളികൾക്ക് നൽകിയ ഉറപ്പ് പാലിക്കപ്പെടുന്നു

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഒന്നാം ഘട്ടത്തി ൽ തീരദേശവാസികൾക്കായി പുതിയ ഫിഷ് ലാൻഡിംഗ് സെന്ററും ഹാർബറും നിർമ്മിക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. ഈ നിർണ്ണായക ഉത്തരവാദിത്തമാണ് ഇപ്പോൾ പുതിയ ഹാർബർ നിർമ്മാണത്തിലേക്ക് വഴിതുറന്നിരിക്കുന്നത്.

പദ്ധതിക്ക് തത്വത്തിലുള്ള ഭരണാനുമതി ലഭിച്ചതോടെ സാങ്കേതിക അനുമതികളും ടെൻഡർ നടപടികളുടെ തുടർ ക്രമീകരണങ്ങളും പൂർത്തിയാക്കി നിർമ്മാണത്തിലേക്ക് കടക്കാൻ അദാനി ഗ്രൂപ്പിന് സാധിക്കും. ഇത് വിഴിഞ്ഞം, അടിമലത്തുറ, പൂവാർ മേഖലകളിലെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ് പകരുന്നത്.