മലപ്പുറം: മലപ്പുറം മതമൗലിക വാദികളുടെ കൂടാണ് എന്നുള്ള സിപിഎം നേതാവ് നന്ദകുമാറിന്റെ പ്രസ്താവനക്ക് മറുപടിയുമായി കെ ടി ജലീൽ.
മലപ്പുറം മതേതരത്ത്വത്തിന്റെ പറുദീസയാണെന്നാണ് കെ ടി ജലീലിന്റെ മറുപടി.
പൊന്നാനിയിൽ നടക്കുന്ന സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ സ്വാഗതപ്രസംഗം നടത്തവേയാണ് മുൻ എം എൽ എ കൂടിയായ നന്ദകുമാറിന്റെ വിവാദ പ്രസ്താവന.
വർഗ്ഗീയവാദികളുടെയും മതമൗലിക വാദികളുടെയും കൂടാണ് മലപ്പുറം എന്നായിരുന്നു നന്ദകുമാർ പറഞ്ഞത്.
ഇത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു.
മലപ്പുറം ജില്ലയെ അപമാനിച്ച നന്ദകുമാർ പരസ്യമായി മാപ്പ് പറയണമെന്ന് UDF മലപ്പുറം ജില്ലാ കൺവീനർ അഷ്‌റഫ് കോക്കൂർ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് വി എസ് ജോയി എം എൽ എയും നന്ദകുമാറിന്റെ പ്രസ്താവനക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്നു.
"മലപ്പുറം ഒരു കൂടാരമല്ല,
അത് ഒരു കൊട്ടാരമാണ്.
മതേതര മനസ്സുകൾ തുന്നി ചേർത്ത മാണിക്യക്കൊട്ടാരം" എന്നായിരുന്നു വി എസ് ജോയിയുടെ പ്രതികരണം.
മതത്തിന്റെ പേരിൽ മതിൽ കെട്ടിയവർക്കല്ല,
മനുഷ്യർക്കിടയിൽ സ്നേഹത്തിന്റെ പാലം പണിതവർക്കാണ് മലപ്പുറത്തിന്റെ ചരിത്രം അറിയുക എന്നും ഡിസിസി പ്രസിഡന്റ് വി എസ് ജോയ് എം എൽ എ പറഞ്ഞു.
ഇതിനിടയിലാണ് സിപിഎമ്മിൽ നിന്ന് തന്നെയുള്ള കെ ടി ജലീലിന്റെ പ്രതികരണം ശ്രദ്ധേയമാവുന്നത്.
മലപ്പുറം മതേതരവാദികളുടെ പറുദീസയാണ്.
മലപ്പുറത്തിന്റെ രാഷ്ട്രീയം എല്ലാ നിറങ്ങളും ചേർന്നതാണ്. കെ ടി ജലീൽ ഫൈസ് ബുക്കിൽ കുറിച്ചു.
അതിനിടെ, സിപിഎം നേതാവ് നന്ദകുമാറിന്റെ പ്രസ്താവനക്കെതിരെ യൂത്ത് ലീഗ് പരാതി നൽകി.
ജില്ലയെ അപമാനിച്ച നന്ദകുമാർ വംശീയ പരാമർശമാണ് നടത്തിയത് എന്നാണ് യൂത്ത് ലീഗിന്റെ ആരോപണം.