നെയ്യാറ്റിൻകര കാരോട് ഗ്രാമപഞ്ചായത്തിൽ കുഴിഞ്ഞാൻവിള - താഴെവിള റോഡിലൂടെ സ്കൂളിലേക്ക് പോകുന്ന കുട്ടികളുടെ സഞ്ചാരസ്വാതന്ത്യത്തെ ബാധിക്കുന്ന പ്രശ്‌നത്തിൽ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ഇടപെടൽ.
പൊതുവഴിയിലൂടെ സഞ്ചാരത്തിന് തടസ്സമുണ്ടാക്കുന്ന വിധത്തിൽ പുറമ്പോക്ക് ഭൂമി കയ്യേറി കെട്ടിടം നിർമ്മിച്ചത് സ്കൂൾ കുട്ടികൾക്ക് സുരക്ഷിതമായി നടന്നു പോകുന്നതിനും സ്കൂൾ ബസ്സുകൾക്കും മറ്റു വാഹനങ്ങൾക്കും സുഗമമായി സഞ്ചരിക്കുന്നതിനും മറ്റും തടസ്സം സൃഷ്ടിക്കുന്നുവെന്നായിരുന്നു പരാതി.
കയ്യേറിയ സ്ഥലം ഒഴിപ്പിച്ച് കുട്ടികൾക്ക് യഥേഷ്ടം യാത്ര ചെയ്യുവാനുള്ള സൗകര്യം ഒരുക്കുവാൻ കാരോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ബാലാവകാശ കമ്മീഷൻ ചുമതലപ്പെടുത്തി
പുറമ്പോക്ക് സ്ഥലത്ത് കയ്യേറിയ ഓടിട്ട കെട്ടിടത്തിന്റെ ഭാഗം കുട്ടികൾക്കും യാത്രക്കാർക്കും അപകടം വരുത്താൻ സാധ്യത ഉള്ളതിനാൽ കാരോട് വില്ലേജ് ഓഫീസർ, കാരോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പൊഴിയൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവർ അടിയന്തര നടപടി സ്വീകരിക്കണം.
കയ്യേറ്റം ഒഴിപ്പിക്കാൻ ആവശ്യമെങ്കിൽ കേരള പഞ്ചായത്ത് രാജ് ആക്ട് വ്യവസ്ഥകൾ പ്രകാരം കാരോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പൊഴിയൂർ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ സഹായം ആവശ്യപ്പെടാവുന്നതാണ്.
കയ്യേറ്റം ഒഴുപ്പിക്കുമ്പോൾ ഗതാഗതത്തിനും യാത്രക്കും തടസ്സമായി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റ് അടിയന്തരമായി മാറ്റിസ്ഥാപിക്കാൻ നെയ്യാറ്റിൻകര
കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയർ നടപടി സ്വീകരിക്കണം.
റോഡിൻ്റെ ആരംഭ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സെൻ്റ് മേരിസ് മലങ്കര കത്തോലിക്കാ പള്ളിയുടെ തൂൺ ഗതാഗതത്തിനും യാത്രക്കാർക്കും തടസ്സം ഉണ്ടാകാത്ത രീതിയിൽ മാറ്റി സ്ഥാപിക്കുവാൻ സെൻ്റ് മേരിസ് എം എസ് സി ചർച്ച് വികാരി ശ്രദ്ധിക്കണമെന്നും കമ്മീഷൻ ഫുൾ ബെഞ്ച് ഉത്തരവിട്ടു.
കാരോട് ഗ്രാമ പഞ്ചായത്ത് കുഴിഞ്ഞാൻവിള വാർഡ് മെമ്പർ എ അജീഷാണ് ഹരജിക്കാരൻ. ബാലാവകാശ കമ്മീഷൻ അംഗങ്ങളായ ഡോ. എഫ് വിൽസൺ, ബി മോഹൻകുമാർ,
കെ കെ ഷാജു എന്നിവരുടേതാണ് ഉത്തരവ്.