മനോജ്‌ വാസുദേവ്

തിരുവനന്തപുരം: ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ അഭിമുഖ ബോർഡിൽ നിന്നും മുൻ തന്ത്രി കണ്ഠര് രാജീവരെ ഒഴിവാക്കി. ശബരിമലയിലെ പ്രമാദമായ സ്വർണക്കൊള്ള കേസിൽ പ്രതിയായതിനെതുടർന്നാണ് ബോർഡ് തീരുമാനം. സ്വർണപ്പാളി കടത്ത് കേസിൽ പ്രതിയായതിനുപുറമെ കൊടിമരത്തിലെ വാജിവാഹന പ്രതിമ സ്വകാര്യമായി വീട്ടിൽ സൂക്ഷിച്ച സംഭവത്തിലും രാജീവര് ആരോപണവിധേയനായിരുന്നു. കേസിൽ പ്രതിയായതോടെ രാജീവര് ശബരിമല തന്ത്രി സ്ഥാനം ഒഴിയുകയും ചെയ്തു.

അതിനിടെ, ശബരിമല, മാളികപ്പുറം മേൽശാന്തി തെരഞ്ഞെടുപ്പ് നിയമനം നിഷ്പക്ഷവും സുതാര്യവുമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് വി ജി അരുണിനെ പ്രത്യേക നിരീക്ഷകനായി നിയോഗിച്ചു. ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ വിശദ റിപ്പോർട്ട് പരിഗണിച്ചശേഷമാണ് ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് ഈ ഉത്തരവിട്ടത്.

നിലവിൽ എട്ടു പേരാണ് മേൽശാന്തിമാരുടെ യോഗ്യതാപട്ടികയിലുള്ളത്. ശബരിമലയിൽ അഞ്ചും മാളികപ്പുറത്തേക്ക് മൂന്നും പേർ. ദേവസ്വം വിജിലൻസിന്റെ കർശന പരിശോധനകൾക്കും നിരീക്ഷണത്തിനും ശേഷമാണ് യോഗ്യതാ പട്ടിക തയ്യാറാക്കിയത്. മൊത്തം 78 അപേക്ഷകളാണ് ലഭിച്ചത്. ശബരിമലയിലേക്ക് 48 പേരും മാളികപ്പുറത്തേക്ക് 30 പേരും അപേക്ഷിച്ചു. ഇതിൽ നിന്നാണ് എട്ടുപേരുടെ അന്തിമ പട്ടിക തയ്യാറാക്കിയത്. ഇതിൽ മാളികപ്പുറം മേൽശാന്തി പട്ടികയിലുള്ള മൂവരും ശബരിമല മേൽശാന്തി പട്ടികയിലുമുണ്ട്. ഒക്ടോബർ അഞ്ചിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്താണ് അഭിമുഖം. മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം മുതൽ ഒരു വർഷത്തേക്കാണ് രണ്ടിടങ്ങളിലേക്കും പുറപ്പെടാ ശാന്തിമാരെ തെരഞ്ഞെടുക്കുക.

അഭിമുഖ നടപടികളിൽ ക്രമക്കേട് ഉണ്ടാകാതിരിക്കാനും നിഷ്പക്ഷത, സുതാര്യത എന്നിവ ഉറപ്പാക്കാനും സമഗ്ര നിർദ്ദേശങ്ങളാണ് ദേവസ്വം ബെഞ്ച് മുന്നോട്ട് വെച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ജസ്റ്റിസ് വി ജി അരുണിനെ പ്രത്യേക നിരീക്ഷകനായി നിയോഗിച്ചത്. അഭിമുഖം നടക്കുന്ന ഹാൾ പൂർണമായും വീഡിയോയിൽ ചിത്രീകരിക്കണം. ഉദ്യോഗാർഥികൾക്ക് നൽകുന്ന മാർക്കുകൾ പിന്നീട് യാതൊരു കാരണവശാലും തിരുത്തപ്പെടാതിരിക്കാൻ ബോൾ പോയിൻ്റ് പേന ഉപയോഗിച്ച് മാത്രമേ രേഖപ്പെടുത്താവൂ.

മാർക്ക് ലിസ്റ്റിൽ കോടതി നിയോഗിച്ച പ്രത്യേക നിരീക്ഷകൻ നേരിട്ട് ഒപ്പുവയ്ക്കണം. ഈ രേഖകൾ ദേവസ്വം കമ്മിഷണറുടെ അതീവ സുരക്ഷിത കസ്റ്റഡിയിൽ സൂക്ഷിക്കണം. അഭിമുഖത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ, മാർക്ക് ലിസ്റ്റ്, ഷോർട്ട് ലിസ്റ്റ് എന്നിവ മുദ്രവച്ച കവറിൽ ഒക്ടോബർ 15നകം സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

സ്പെഷ്യൽ കമ്മിഷണറുടെയും കോടതി നിരീക്ഷകൻ്റെയും റിപ്പോർട്ടുകൾ പരിശോധിച്ച ശേഷമേ അന്തിമ നറുക്കെടുപ്പിലേക്ക് കടക്കാൻ അനുമതി നൽകുകയുള്ളു.