മാഡ്രിഡ്: കനത്ത മഴയെ തുടർന്ന് സ്പെയിനിലെ വിവിധ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമായി. ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ ഒരു സ്ത്രീ മരിച്ചതായി പ്രാദേശിക ഭരണകൂടം സ്ഥിരീകരിച്ചു.
തെരുവുകളിലും താമസമേഖലകളിലും വെള്ളം കയറിയതോടെ നിരവധി വാഹനങ്ങൾ ഒഴുക്കിൽപ്പെട്ടു. പല പ്രദേശങ്ങളിലും റോഡ് ഗതാഗതം തടസ്സപ്പെട്ടു. വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ ഏകദേശം 90 പേരെ രക്ഷാപ്രവർത്തകർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
അടിയന്തര രക്ഷാപ്രവർത്തനത്തിനായി വിവിധ ഏജൻസികൾ രംഗത്തിറങ്ങി. വെള്ളം അതിവേഗം ഉയർന്ന പ്രദേശങ്ങളിൽ വീടുകളിൽ കുടുങ്ങിയവരെയും വാഹനങ്ങളിലകപ്പെട്ടവരെയും രക്ഷപ്പെടുത്തുന്നതിനാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.
കൂടുതൽ മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ബാധിത പ്രദേശങ്ങളിൽ ജാഗ്രത തുടരുകയാണ്. സ്ഥിതിഗതികൾ വിലയിരുത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചതായും അധികൃതർ അറിയിച്ചു.