തിരുവനന്തപുരം: വഴുതക്കാട് അന്ധ വിദ്യാലയത്തിലെ ഹെഡ് മാസ്റ്ററുടെ ചുമതലയുള്ള അധ്യാപകൻ ബി വിനോദിനെ മർദ്ദിച്ച സംഭവത്തിൽ മുൻ എച്ച് എം ഇൻ ചാർജ് ലീന സി ലംബോധരനെ സസ്പെൻഡ് ചെയ്തു. അന്വേഷണ റിപ്പോർട്ടിന്റെയും സി സി ടിവി ദൃശ്യങ്ങളുടേയും അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ നടപടി. വിനോദിനെ പൊതുസ്ഥലത്ത് വെച്ച് പരസ്യമായി മർദ്ദിച്ച സംഭവത്തിൽ ലീന സി ലംബോധരനെതിരെ ജാമ്യമില്ലാവകുപ്പനുസരിച്ച് കേസെടുത്തിരുന്നു. വിനോദിനെ മർദ്ദിച്ച സംഭവം "ജി പി ന്യൂസാണ്" ആദ്യം പുറത്തുവിട്ടത്.
ഇക്കഴിഞ്ഞ സെപ്റ്റംബർ 14 മായിരുന്നു സംഭവം.
ശിക്ഷാ നടപടിയുടെ ഭാഗമായി കാസർകോട്ടേക്ക് സ്ഥലം മാറ്റപ്പെട്ട അധ്യാപികയോട് ഔദ്യോഗിക ക്വാർട്ടേഴ്സ് ഒഴിയണമെന്നാവശ്യപ്പെട്ടതിനാണ് വിനോദിനെ മുൻ എച്ച് എം ഇൻ ചാർജ് ലീന സി ലംബോധരൻ മർദ്ദിച്ചത്. നൂറ് ശതമാനം കാഴ്ച വൈകല്യമുള്ള വിനോദിനെ സഹപ്രവർത്തകരുടെയും വിദ്യാർത്ഥികളുടെയും മുന്നിലിട്ടാണ് ലീന മർദ്ദിച്ചത്. കുറ്റവാളിക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് പൊതു വിദ്യാഭ്യാസ വകുപ്പ് ആസ്ഥാനത്ത് പ്രതിഷേധ ധർണ നടത്തിയിരുന്നു. തുടർന്നാണ് വകുപ്പ് തല അന്വേഷണവും പിന്നാലെ സസ്പെൻഷൻ നടപടിയും ഉണ്ടായത്.
ലീന സി ലംബോധരനെ സസ്പെൻഡ് ചെയ്തുവെങ്കിലും കുറ്റക്കാരിയെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒളിച്ചുകളി തുടരുകയാണെന്ന് കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് സംസ്ഥാനകമ്മിറ്റി ആരോപിച്ചു. വൈകിയാണെങ്കിലും സസ്പെൻഡ് ചെയ്ത നടപടി സ്വാഗതാർഹമാണ്. എന്നാൽ, ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്തിട്ടും മ്യൂസിയം പൊലീസ് ഇതുവരെയായിട്ടും പ്രതിയെ പിടികൂടിയിട്ടില്ല. പൊലീസ് നിസംഗത തുടർന്നാൽ അതിശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുവാൻ സംഘടന നിർബന്ധിതമാകുമെന്ന് കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് സംസ്ഥാനകമ്മിറ്റിവാർത്താക്കുറിപ്പിൽ പറഞ്ഞു.