കുവൈത്ത് സിറ്റി: ഭക്ഷ്യവസ്തുക്കൾ, കുടിവെള്ളം, മൃഗാഹാരം എന്നിവയിൽ റേഡിയോ ആക്ടീവ് ഘടകങ്ങളുടെ അളവ് നിയന്ത്രിക്കുന്നതിനായി കുവൈത്ത് ആരോഗ്യ മന്ത്രാലയം പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു.
ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ-അവാദി ഇതുസംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചതായാണ് റിപ്പോർട്ട്. ഭക്ഷണത്തിലും വെള്ളത്തിലും അനുവദനീയമായ റേഡിയോ ആക്ടീവ് ഐസോടോപ്പുകളുടെ അളവിന് കൃത്യമായ പരിധി നിശ്ചയിച്ചിട്ടുണ്ട്.
കുടിവെള്ളത്തിൽ ആൽഫ പുറപ്പെടുവിക്കുന്ന ഐസോടോപ്പുകൾക്ക് ലിറ്ററിന് 0.5 ബെക്കറലും ബീറ്റ പുറപ്പെടുവിക്കുന്ന ഐസോടോപ്പുകൾക്ക് ലിറ്ററിന് ഒരു ബെക്കറലുമാണ് അനുവദനീയമായ പരിധി. മൃഗാഹാരത്തിലെ കൃത്രിമ റേഡിയോ ആക്ടീവ് ഐസോടോപ്പുകളുടെ ആകെ അളവും നിയന്ത്രിച്ചിട്ടുണ്ട്.
നിശ്ചിത പരിധി മറികടക്കുന്ന ഭക്ഷ്യവസ്തുക്കൾ വിപണിയിൽ എത്തുന്നത് തടയുന്നതിനും ആവശ്യമായ സാഹചര്യത്തിൽ ഉൽപ്പന്നങ്ങൾ തിരിച്ചയക്കുന്നതിനും നശിപ്പിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കും. ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ പരിശോധനയും ശക്തമാക്കും.
ജനങ്ങളുടെ ആരോഗ്യവും ഭക്ഷ്യ-ജല സുരക്ഷയും ഉറപ്പാക്കുകയാണ് പുതിയ നിയന്ത്രണങ്ങളുടെ പ്രധാന ലക്ഷ്യം.