തിരുവനന്തപുരം: രാജ്യത്തെ ചീഫ് ഇലക്ഷൻ കമ്മീഷണർ (CEC) ഗ്യാനേഷ് കുമാറിനെതിരായ രണ്ട് പതിറ്റാണ്ട് പഴക്കമുള്ള വിജിലൻസ് അന്വേഷണ ഫയലുകൾ വീണ്ടും പുറത്തെടുത്ത് സംസ്ഥാന ആഭ്യന്തര വകുപ്പ്. 2006-ൽ കേരളത്തില്‍ പൊതുമരാമത്ത് (PWD) സെക്രട്ടറിയായിരുന്നപ്പോള്‍ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് (KSTP) റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് മലേഷ്യൻ കരാർ കമ്പനിയായ ‘പതി ബെൽ’ (Patibel / Pati-Bel) കമ്പനിയിലെ പ്രോജക്ട് മാനേജറായിരുന്ന ലീ ബീൻ സീൻ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് വിജിലൻസിൻ്റെ പുനരന്വേഷണത്തിന് നീക്കം. ഇതോടെ രാജ്യമൊട്ടാകെ പ്രതിഷേധം നേരിടുന്ന ഗ്യാനേഷ്കുമാറിനെ പൂട്ടാൻ കേരളത്തില്‍ ആഭ്യന്തര വകുപ്പ് വഴിയൊരുക്കുകയാണ്.

​കേസിന്റെ പശ്ചാത്തലം

​കേരളത്തിലെ റോഡ് വികസന പദ്ധതികളുടെ മേൽനോട്ടം വഹിച്ചിരുന്ന സമയത്ത്, KSTP പദ്ധതിയിൽ കരാറുകാർക്ക് നൽകേണ്ട തുക മനഃപൂർവം തടഞ്ഞുവെച്ചുവെന്ന ആരോപണം ഗ്യാനേഷ് കുമാറിനെതിരെ ഉയർന്നുവന്നിരുന്നു. തുക ലഭിക്കാതെ വന്നതോടെ ഉപകരാറുകാർക്ക് പണം നൽകാൻ കഴിയാതെ പ്രതിസന്ധിയിലായ ലീ ബീൻ സീൻ, ഗ്യാനേഷ് കുമാർ അടക്കമുള്ള ഉദ്യോഗസ്ഥരുടെ പേര് പരാമർശിച്ചാണ് ജീവനൊടുക്കിയത്. ഈ സംഭവത്തെത്തുടർന്ന് അന്നത്തെ സർക്കാർ വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് നിർദ്ദേശം നൽകിയിരുന്നു.

നിലവിലെ രാഷ്ട്രീയ സാഹചര്യം

​വർഷങ്ങൾക്ക് ശേഷം ഈ ഫയലുകൾ വീണ്ടും പൊടിതട്ടിയെടുക്കുന്നത് കേന്ദ്ര ഇലക്ഷൻ കമ്മീഷനുമായി ബന്ധപ്പെട്ട രാഷ്ട്രീയ പോരാട്ടങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ്. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ (VACB) മുൻപ് നടത്തിയ പ്രാഥമിക പരിശോധനാ റിപ്പോർട്ടുകൾ നിലവിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുന്നതിനാണ് ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശം. അക്കാലത്തെ കേസ് രേഖകളും കണ്ടെത്തലുകളും സമഗ്രമായി പരിശോധിക്കാനും തുടർനടപടികൾ സ്വീകരിക്കാനും ആഭ്യന്തര മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.