കുവൈത്ത് സിറ്റി: ഡെലിവറി കമ്പനികളിലെ ഡ്രൈവർമാർ ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് ഡെലിവറി കമ്പനികളുടെ പ്രതിനിധികളുമായി യോഗം ചേർന്നു.
റോഡ് സുരക്ഷ, സുരക്ഷിതമായ ഡ്രൈവിംഗ്, ട്രാഫിക് നിയമങ്ങളുടെ പാലനം എന്നിവ സംബന്ധിച്ച് ഡ്രൈവർമാർക്ക് ആവശ്യമായ ബോധവൽക്കരണം നൽകണമെന്ന് അധികൃതർ കമ്പനികളോട് ആവശ്യപ്പെട്ടു.
ഡെലിവറി മേഖലയിലെ വാഹനങ്ങളുടെ വർധിച്ചുവരുന്ന സാന്നിധ്യം കണക്കിലെടുത്ത് റോഡുകളിൽ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുന്നതിനാണ് നടപടികൾ ശക്തമാക്കുന്നത്. ഡ്രൈവർമാർ ഗതാഗത നിയമങ്ങൾ ലംഘിക്കുന്നില്ലെന്ന് കമ്പനികൾ നിരീക്ഷിക്കുകയും നിയമലംഘനങ്ങൾ ഒഴിവാക്കുന്നതിനുള്ള ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയും വേണമെന്ന് അധികൃതർ നിർദേശിച്ചു.