തിരുവനന്തപുരം: രണ്ട് സർവ്വേ നമ്പറുകളിലായി എകെജി സെന്ററിന്റെ കൈവശമുള്ള ഭൂമി അളക്കാനുള്ള ഹൈക്കോടതി ഉത്തരവിനെത്തുടർന്ന്, സംസ്ഥാന റവന്യൂ വകുപ്പ് തിരുവനന്തപുരം തഹസിൽദാർക്ക് ഭൂമി അളക്കാൻ അടിയന്തര നിർദ്ദേശം നൽകി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാനും കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗവുമായ ആർ. എസ്. ശശികുമാറിന് വേണ്ടി അഡ്വക്കേറ്റ് ജോർജ് പൂന്തോട്ടം നൽകിയ ഹർജിയിലാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് സർക്കാരിന് നിർദ്ദേശം നൽകിയത്.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ, നാളെ രാവിലെ 10 മണിക്ക് നടക്കുന്ന ഭൂമി സർവ്വേയിൽ സർവകലാശാലയുടെയും എകെജി സെന്ററിന്റെയും പ്രതിനിധികൾ ഹാജരാകണമെ ന്ന് കാണിച്ച് സർവ്വകലാശാല രജിസ്ട്രാർക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും റവന്യൂ അധികൃതർ നോട്ടീസ് അയച്ചിട്ടുണ്ട്.
1977-ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ. കെ. ആന്റണിയാണ് എകെജി പഠന ഗവേഷണ കേന്ദ്രത്തിന് വേണ്ടി കേരള സർവ്വകലാശാലയുടെ ഭൂമി അനുവദിച്ചത്. എന്നാൽ, അനുവദിച്ച ഭൂമിയിൽ പഠന ഗവേഷണ കേന്ദ്രം തുടങ്ങാതെ, അത് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ 'എകെജി സെന്റർ' ആയി പ്രവർത്തിപ്പിച്ചത് നിയമവിരുദ്ധമാണെന്നും, സർവ്വകലാശാല ഭൂമി അനധികൃതമായി കൈയ്യേറിയാണ് സെന്റർ നിർമ്മിച്ചതെന്നും, പ്രസ്തുത ഭൂമി സർവ്വകലാശാലയ്ക്ക് തിരിച്ചു നൽകണമെന്നും ആവശ്യപ്പെട്ടാണ് ആർ. എസ്. ശശികുമാർ ഹൈക്കോടതിയെ സമീപിച്ചത്.
സംസ്ഥാന സർക്കാർ, സിപിഎം സെക്രട്ടറി, കേരള ഗവർണർ,കേരള സർവ്വകലാശാല, തിരുവനന്തപുരം കോർപ്പറേഷൻ എന്നിവരാണ് ഹർജ്ജിയിലെ എതിർ കക്ഷികൾ.
നേരത്തെ, 1992-ൽ കോൺഗ്രസ് നേതാവായിരുന്ന ചെറിയാൻ ഫിലിപ്പ് നൽകിയ പരാതിയെത്തുടർന്ന് അന്നത്തെ വൈസ് ചാൻസലർ ഡോ. ജെ. വി. വിളനിലം ഭൂമി അളക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ പൊടുന്നനെ അദ്ദേഹത്തിനെതിരെ വ്യാജ ഡിഗ്രി ആരോപണമുന്നയിച്ച് ഓഫീസിൽ പോലും പ്രവേശിക്കാൻ അനുവദിക്കാതെ ഉപരോധം സൃഷ്ടിച്ചതോടെ അന്ന് ഭൂമി അളക്കാനുള്ള നീക്കം സർവ്വകലാശാലയ്ക്ക് ഉപേക്ഷിക്കേണ്ടിവന്നു.
ഇതേ ആവശ്യം ഉന്നയിച്ച് ആർ. എസ്. ശശികുമാർ നൽകിയ പരാതി നിലവിലെ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ സിൻഡിക്കേറ്റിൽ ചർച്ച ചെയ്യുകയും, സർവകലാശാലയുടെ ഭൂമി നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഭൂമി അളക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകുകയും ചെയ്തിരുന്നു.
ഏതാനും വർഷങ്ങളായുള്ള നിരവധി പോരാട്ടങ്ങളുടെ തുടർച്ചയായാണ് ഇപ്പോഴത്തെ ഹൈക്കോടതി ഉത്തരവും റവന്യൂ വകുപ്പിന്റെ അടിയന്തര നടപടിയും.