കുവൈത്ത് സിറ്റി: ജഹ്റ, സൂഖ് അൽ ജുമ മേഖലകളിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ നിരവധി നിയമലംഘകരെ പിടികൂടി. ഗതാഗത-സുരക്ഷാ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി നടത്തിയ പരിശോധനയിലാണ് നടപടി.

ജഹ്റയിൽ നടത്തിയ പ്രത്യേക പരിശോധനയിൽ 40ഓളം നിയമലംഘകരെ പൊലീസ് പിടികൂടിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഇതോടൊപ്പം ജഹ്റയിൽ നടത്തിയ ട്രാഫിക്, സുരക്ഷാ പരിശോധനാ കാമ്പയിനിൽ 103 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി. 52 നിയമലംഘകരെയും ഏഴ് വാഹനങ്ങളെയും കസ്റ്റഡിയിലെടുത്തു.

സൂഖ് അൽ ജുമ അഥവാ ഫ്രൈഡേ മാർക്കറ്റിൽ നടത്തിയ പ്രത്യേക സുരക്ഷാ പരിശോധനയിലും വ്യാപക നടപടി സ്വീകരിച്ചു. ഇവിടെ 62 നിയമലംഘകരെ അറസ്റ്റ് ചെയ്യുകയും 15 നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. പരിശോധനയ്ക്കിടെ ആവശ്യമായ സഹായം തേടിയ 120 പേർക്ക് മാനുഷിക സഹായവും നൽകിയതായി റിപ്പോർട്ടുണ്ട്.

നിയമലംഘനങ്ങൾ തടയുന്നതിനും പൊതുസുരക്ഷ ഉറപ്പാക്കുന്നതിനുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.