കുവൈത്ത് സിറ്റി: രാജ്യത്തെ റോഡ് അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി വ്യാപക അറ്റകുറ്റപ്പണി പദ്ധതിയുമായി കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം. രാജ്യത്തെ ആറ് ഗവർണറേറ്റുകളിലായി 42 പ്രദേശങ്ങളിൽ റോഡ് പരിപാലന പ്രവർത്തനങ്ങൾ നടത്തുമെന്ന് മന്ത്രാലയം അറിയിച്ചു.

പദ്ധതിയുടെ ഭാഗമായി പ്രധാനമായും 13 പ്രധാന റോഡുകളിലും സ്ട്രീറ്റുകളിലും റീ-സർഫേസിംഗ് ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ നടത്തും. റോഡുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും കേടുപാടുകൾ പരിഹരിക്കുന്നതിനും ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിനുമാണ് പ്രവൃത്തികൾ ലക്ഷ്യമിടുന്നത്.

റോഡ് അറ്റകുറ്റപ്പണികൾ നടക്കുന്ന ഘട്ടങ്ങളിൽ ചില പ്രദേശങ്ങളിൽ ഗതാഗത ക്രമീകരണങ്ങളും താൽക്കാലിക നിയന്ത്രണങ്ങളും ഏർപ്പെടുത്താൻ സാധ്യതയുണ്ട്. ഇതുവഴി വാഹന ഗതാഗതത്തെ ബാധിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ബന്ധപ്പെട്ട വിഭാഗങ്ങൾ ആവശ്യമായ ക്രമീകരണങ്ങൾ നടത്തും.

കുവൈത്തിലെ റോഡ് ശൃംഖലയുടെ പരിപാലനം ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലകളിൽ ഘട്ടംഘട്ടമായി അറ്റകുറ്റപ്പണികൾ തുടരാനാണ് പൊതുമരാമത്ത് മന്ത്രാലയത്തിന്റെ പദ്ധതി.