തിരുവനന്തപുരം : കേരളാ കോണ്‍ഗ്രസ് (ജെ) വിഭാഗം നേതാവ് പി ജെ ജോസഫിന് ക്യാബിനറ്റ് പദവി നൽകണമെന്ന ആവശ്യം യുഡിഎഫ് അധികാരത്തിൽ എത്തിയത് മുതൽ ഉയരുന്നതാണ്. അദ്ദേഹം തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറി നിന്ന സാഹചര്യത്തിൽ യുഡിഎഫിന് ഭരണം കിട്ടിയാൽ പ്രധാനസ്ഥാനം നൽകണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഭരണപരിഷ്ക്കാരകമ്മീഷൻ അധ്യക്ഷസ്ഥാനം പിജെ ജോസഫിന് എന്നായിരുന്നു വിലയിരുത്തൽ.

എന്നാൽ കഴിഞ്ഞ മന്ത്രിസഭായോ​ഗത്തിൽ എം കെ മുനീറിനും ജി ദേവരാജനും ക്യാബിനറ്റ് പദവി നൽകാൻ തീരുമാനമായപ്പോൾ പി ജെ ജോസഫിൻ്റെ കാര്യത്തിൽ തീരുമാനമുണ്ടായില്ല. ഇക്കാര്യം മന്ത്രിസഭാ അജണ്ടയിലില്ലായിരുന്നു. മോൻസ് ജോസഫ് കഴിഞ്ഞ മന്ത്രിസഭായോ​ഗത്തിൽ പങ്കെടുത്തില്ല. തീരുമാനം വന്ന ശേഷം മുഖ്യമന്ത്രിയോട് ചോദിച്ചപ്പോൾ യുഡിഎഫ് തീരുമാനപ്രകാരമാണ് നടപടി എന്നായിരുന്നു ഉത്തരം. എം കെ മുനീറിനും ജി ദേവരാജനും പദവികൾ നല്കിയതിലല്ല പി ജെ ജോസഫിന് പദവി നൽകാത്തതിലാണ് തങ്ങൾക്ക് അതൃപ്തിയെന്ന് കേരളകോൺ​ഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഇക്കാര്യം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിക്കാൻ ‌മന്ത്രി മോൻസ് ജോസഫിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്താൻ എംഎൽഎ മോൻസ് ജോസഫ് ഇന്ന് മുഖ്യമന്ത്രി വിഡി സതീശനെ കാണും.

വയോജനകമ്മീഷൻ, കാ‍ർഷികകടാശ്വാസകമ്മീഷൻ തുടങ്ങിയ സ്ഥാനങ്ങളിലേതങ്കിലുമാണ് ജോസഫിന് വേണ്ടി കേരളകോൺ​ഗ്രസ് ഇപ്പോൾ ആവശ്യപ്പെടുന്നത്. മറ്റന്നാൾ ചേരുന്ന മന്ത്രിസഭയോഗത്തിൽ തീരുമാനമുണ്ടാകുമെന്നാണ് ജോസഫ് വിഭാഗത്തിന്റെ പ്രതീക്ഷ. കഴിഞ്ഞ മന്ത്രിസഭായോ​ഗത്തിലെ തീരുമാനത്തിനെതിരെ യുഡിഎഫ് കൺവീനർ തന്നെ രം​ഗത്ത് വന്നത് കോൺ​ഗ്രസിൽ പൊട്ടിത്തെറി ഉണ്ടാക്കി. പിന്നാലെയാണ് കേരളകോൺ​ഗ്രസിൻ്റെ അതൃപ്തി.