ലണ്ടനിൽ നിന്ന് അമേരിക്കയിലെ ഷിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയർവേസ് വിമാനം ആകാശത്തുവെച്ച് അടിയന്തരാവസ്ഥ (Emergency code ) പ്രഖ്യാപിച്ചതിനെ തുടർന്ന് ലണ്ടനിലേക്ക് തന്നെ തിരിച്ചിറക്കി. പറക്കലിനിടെ വിമാനം പെട്ടെന്ന് 9,000 അടി ഉയരത്തിലേക്ക് താഴേക്ക് പതിച്ചതായി ലൈവ് ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റായ ഫ്ലൈറ്റ് റഡാർ24 (Flightradar24) വ്യക്തമാക്കുന്നു.
അയർലൻഡിന് മുകളിലൂടെ പറക്കുമ്പോഴാണ് ബിഎ295 (BA295) എന്ന ബോയിങ് 777-200ഇആർ (Boeing 777-200ER) വിമാനം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന 'സ്ക്വാക്ക് 7700' (Squawk 7700) സന്ദേശം നൽകിയത്.
ലണ്ടനിലെ ഹീത്രൂ എയർപോർട്ടിലെ ടെർമിനൽ 5-ൽ നിന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 11:50-ഓടെയാണ് വിമാനം പുറപ്പെട്ടത്. ചിക്കാഗോ ഒഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (ORD) ഏകദേശം 8 മണിക്കൂറും 40 മിനിറ്റും ദൈർഘ്യമുള്ള യാത്രയായിരുന്നു ഇത്.
യാത്ര തിരിച്ച് ഒരു മണിക്കൂറോളം പിന്നിട്ടപ്പോൾ, സാധാരണയായി വിമാനങ്ങൾ സഞ്ചരിക്കുന്ന 37,000 അടി ഉയരത്തിൽ വെച്ചാണ് വിമാനത്തിന് സാങ്കേതിക തകരാർ അനുഭവപ്പെട്ടത്. തുടർന്ന് പൈലറ്റുമാർ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും വിമാനത്തിന്റെ ഉയരം പെട്ടെന്ന് താഴേക്ക് കൊണ്ടുവരികയുമായിരുന്നു. അപകടസാധ്യത ഒഴിവാക്കാൻ വിമാനം യാത്ര ഉപേക്ഷിച്ച് ഹീത്രൂ വിമാനത്താവളത്തിലേക്ക് തന്നെ തിരിച്ചുവിട്ടു.