കുവൈത്ത് സിറ്റി: കുവൈത്തിലെ പുതിയ മാധ്യമനിയമ ഭേദഗതിയിൽ മാധ്യമപ്രവർത്തനവുമായി ബന്ധപ്പെട്ട് വിവിധ പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തിയതായി റിപ്പോർട്ട്. നിയമത്തിലെ ആർട്ടിക്കിൾ 77 പ്രകാരം, സത്യസന്ധമായ ഉദ്ദേശ്യത്തോടെയും നല്ല വിശ്വാസത്തോടെയും (Good Faith) മാധ്യമപ്രവർത്തനത്തിൽ ഏർപ്പെടുന്നവർക്കെതിരെ ചില സാഹചര്യങ്ങളിൽ കുറ്റാരോപണം ഉന്നയിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
മാധ്യമ ഉള്ളടക്കവുമായി ബന്ധപ്പെട്ട് 15 തരത്തിലുള്ള മാനദണ്ഡങ്ങളും പുതിയ നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കൽ, അപകീർത്തിപ്പെടുത്തൽ, നിയമലംഘനത്തിലേക്കോ അക്രമത്തിലേക്കോ പ്രേരിപ്പിക്കുന്ന ഉള്ളടക്കങ്ങൾ എന്നിവ അനുവദിക്കില്ലെന്നാണ് വ്യവസ്ഥകളിൽ വ്യക്തമാക്കുന്നത്.
രാജ്യത്തിന്റെ ആഭ്യന്തരവും വിദേശപരവുമായ താൽപര്യങ്ങൾക്ക് ഹാനികരമാകുന്ന തരത്തിലുള്ള പ്രസിദ്ധീകരണങ്ങൾക്കും നിയന്ത്രണമുണ്ട്. അതേസമയം, വ്യക്തികളുടെ അനുമതിയില്ലാത്ത സ്വകാര്യ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് മാധ്യമ ലൈസൻസ് വ്യവസ്ഥകൾ നേരിട്ട് ബാധകമാകില്ലെന്നും, എന്നാൽ കമ്പനികളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും അക്കൗണ്ടുകൾ വഴി നടത്തുന്ന മാധ്യമ, പരസ്യ പ്രവർത്തനങ്ങൾക്ക് പ്രത്യേക നിയമപരമായ വ്യവസ്ഥകൾ ബാധകമാണെന്നും വ്യക്തമാക്കുന്നു.