ശരിയായ അറിവില്ലായ്മ എങ്ങനെയാണ് നമ്മളെക്കൊണ്ട് തെറ്റായ തീരുമാനങ്ങൾ എടുപ്പിക്കുന്നതും നമ്മൾ പറ്റിക്കപ്പെടുന്നതും എന്നൊക്കെയാണ് ഞാനിവിടെ എഴുതാറുള്ള ആയുർവേദ ഹോമിയോ തുടങ്ങി മറ്റ് അശാസ്‌ത്രീയ ചികിത്സകളുടെ വിമർശനങ്ങളുടെ കാതൽ. എന്നാൽ ഇങ്ങനെ അറിവില്ലായ്മ കാരണം തെറ്റായ തീരുമാനങ്ങൾ എടുക്കുന്ന സംഗതി ജീവിതത്തിൻ്റെ സമസ്‌ത മേഖലയിലും ശ്രദ്ധിച്ചാൽ കാണാം. അതുപോലൊന്നാണ് മൊബൈൽ ടവറുകളോടുള്ള നമ്മുടെ സമീപനം. നെറ്റ്‌വർക്ക് കിട്ടുന്നില്ല, യൂട്യൂബും റീൽസും ലോഡാവുന്നില്ല എന്ന് പരാതി പറയുകയും, വീടിനടുത്ത് ടവർ വെക്കാൻ വരുമ്പോൾ ‘അയ്യോ റേഡിയേഷനാണേ, എല്ലാവർക്കും ക്യാൻസർ വരുമേ’ എന്ന് പറഞ്ഞ് സമരം തുടങ്ങുകയും ചെയ്യുന്ന വിചിത്രമായ ഒരു വൈരുദ്ധ്യം നമ്മുടെ നാട്ടിൽ പണ്ടേയുണ്ട്.
തിരുവനന്തപുരം സിറ്റിക്കകത്ത് നാലാഞ്ചിറയിലെ ഒരു ബോർഡാണ് ചിത്രത്തിൽ. മൊബൈൽ ടവറുകൾ എതിർക്കപ്പെടുന്നത് റേഡിയേഷനോടുള്ള ഭയം കൊണ്ടാണ്. ആ ഭയം റേഡിയേഷനെ പറ്റി അറിവില്ലാത്തതു കൊണ്ടും വിവരമില്ലാത്ത പലരും വാട്സാപ്പിൽ എഴുതിവിടുന്നത് വിശ്വസിക്കുന്നത് കൊണ്ടും ഉണ്ടാവുന്നതാണ്. ഇതിൽ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങൾ പറയാം.
1. റേഡിയേഷൻ എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ പലരുടെയും മനസ്സിൽ വരുന്നത് അണുബോംബും ക്യാൻസറുമാണ്. എന്നാൽ പ്രകൃതിയിൽ റേഡിയേഷൻ രണ്ടു തരമുണ്ട്. ഒന്ന്, അയോണൈസിംഗ് റേഡിയേഷൻ. എക്സ്-റേ, ഗാമാ റേ, അൾട്രാവയലറ്റ് രശ്മികൾ എന്നിവ ഇതിൽപ്പെടുന്നു. ഇവയ്ക്ക് മനുഷ്യശരീരത്തിലെ ആറ്റങ്ങളിൽ നിന്ന് ഇലക്ട്രോണുകളെ തട്ടിത്തെറിപ്പിക്കാനും, ജീനുകളിലെ ഡി.എൻ.എ ഘടന തകർത്ത് ക്യാൻസറിന് കാരണമാകാനും സാധിക്കും. രണ്ട്, നോൺ-അയോണൈസിംഗ് റേഡിയേഷൻ. മൊബൈൽ ഫോണുകൾ, മൊബൈൽ ടവറുകൾ, എഫ്.എം റേഡിയോ, വൈഫൈ റൂട്ടറുകൾ, ടിവി റിമോട്ടുകൾ എന്നിവ ഉപയോഗിക്കുന്ന റേഡിയോ തരംഗങ്ങൾ. ഇവ വളരെ ദുർബലമായ ഊർജ്ജമുള്ള തരംഗങ്ങളാണ്. ഇവയ്ക്ക് മനുഷ്യകോശങ്ങളെയോ ഡി.എൻ.എയെയോ നശിപ്പിക്കാനുള്ള ശക്തി തെല്ലുമില്ല. സൂര്യനിൽ നിന്ന് ദിവസവും നമ്മുടെ ദേഹത്ത് വീഴുന്ന പ്രകാശത്തിന് പോലും മൊബൈൽ ടവർ തരംഗങ്ങളേക്കാൾ ലക്ഷക്കണക്കിന് മടങ്ങ് ഊർജ്ജമുണ്ട്.
2. ലോകാരോഗ്യ സംഘടനയുടെ ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ ക്യാൻസർ, ഈ റേഡിയോ തരംഗങ്ങളെ 'Group 2B' അഥവാ ‘ക്യാൻസറിന് കാരണമായേക്കാം (Possibly carcinogenic to humans)’ എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇതിനർത്ഥം ഇതൊരു ഉറപ്പായ അപകടകാരിയാണ് എന്നല്ല. ക്യാൻസർ ഉണ്ടാക്കുന്നു എന്ന് തെളിവില്ല, എന്നാൽ പൂർണ്ണമായി തള്ളിക്കളയാൻ ശാസ്ത്രീയ പഠനങ്ങൾ തികയാത്ത കാര്യങ്ങളെയാണ് ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തുന്നത്. നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന അച്ചാറുകൾ, കറ്റാർവാഴ നീര് തുടങ്ങിയവയും ഇതേ 2B കാറ്റഗറിയിലാണ് ഉള്ളത്.
കഴിഞ്ഞ 20-30 വർഷത്തിനിടെ ലോകത്താകമാനം മൊബൈൽ ഫോൺ ഉപയോഗം കോടിക്കണക്കിന് മടങ്ങാണ് വർദ്ധിച്ചത്. പക്ഷെ തലച്ചോറിലെ ക്യാൻസർ നിരക്കിൽ യാതൊരു വർദ്ധനവും ലോകമെമ്പാടുമുള്ള ആരോഗ്യ ഡാറ്റയിൽ രേഖപ്പെടുത്തിയിട്ടില്ല.
3. മറ്റൊരു വളരെ പ്രധാനപ്പെട്ട കാര്യം, മൊബൈൽ ടവർ അടുത്തുള്ളതല്ല, മറിച്ച് ടവർ അടുത്തില്ലാത്തതാണ് യഥാർത്ഥത്തിൽ റേഡിയേഷൻ കൂട്ടുന്നത് എന്നത് പലർക്കും അറിയില്ല. ഇത് മനസ്സിലാക്കാൻ ഏറ്റവും എളുപ്പമുള്ള ഒരു ഉപമ ആദ്യം പറയാം. നിങ്ങൾ ഒരാളോട് സംസാരിക്കുമ്പോൾ അയാൾ നിങ്ങളുടെ തൊട്ടടുത്താണ് നിൽക്കുന്നതെങ്കിൽ വളരെ പതുക്കെ സംസാരിച്ചാൽ മതിയാകും. എന്നാൽ അയാൾ 100 മീറ്റർ അകലെയാണെങ്കിലോ? നിങ്ങളുടെ ശബ്ദം അയാൾക്ക് കേൾക്കാൻ നിങ്ങൾ തൊണ്ടപൊട്ടി അലറിവിളിക്കേണ്ടി വരും. ഇതേ തത്വം തന്നെയാണ് മൊബൈൽ ഫോണും ടവറും തമ്മിലുള്ള ബന്ധത്തിലും നടക്കുന്നത്.
മൊബൈൽ ഫോൺ വെറുമൊരു റേഡിയോ റിസീവർ മാത്രമല്ല, അതൊരു ട്രാൻസ്മിറ്റർ കൂടിയാണ്. നിങ്ങൾ കോൾ ചെയ്യുമ്പോഴോ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോഴോ ഫോണിലെ ആന്റിന റേഡിയോ തരംഗങ്ങൾ വഴി അടുത്തുള്ള ടവറിലേക്ക് ഡാറ്റ തിരിച്ചയക്കുന്നുണ്ട്.
ടവർ അടുത്തുള്ളപ്പോൾ അല്ലെങ്കിൽ ഫുൾ റേഞ്ച് ഉള്ളപ്പോൾ ടവറുമായി ആശയവിനിമയം നടത്താൻ ഫോണിന് വളരെ കുറഞ്ഞ പവർ മാത്രം മതിയാകും. അപ്പോൾ ഫോൺ അതിന്റെ പരമാവധി ശേഷിയുടെ വെറും 1% മുതൽ 5% വരെ പവറിലായിരിക്കും റേഡിയോ തരംഗങ്ങൾ പുറത്തുവിടുക. ബാറ്ററി അധികം ചൂടാവില്ല, ചാർജ്ജ് കൂടുതൽ സമയം നിൽക്കുകയും ചെയ്യും. എന്നാൽ ടവർ വളരെ ദൂരെയാകുമ്പോൾ ദൂരെയുള്ള ടവറിലേക്ക് എത്താൻ ഫോണിന്റെ ഇന്റേണൽ ആന്റിനയ്ക്ക് പരമാവധി ശക്തിയിൽ പ്രവർത്തിക്കേണ്ടി വരുന്നു. സിഗ്നൽ മോശമാകുമ്പോൾ ടവറുമായുള്ള കണക്ഷൻ നിലനിർത്താൻ ഫോൺ സ്വയം അതിന്റെ ട്രാൻസ്മിഷൻ പവർ പരമാവധിയിലേക്ക് ഉയർത്തുന്നു.
ഇവിടെ പ്രശ്‌നം ടവറിനല്ല. ടവറിൽ നിന്നുള്ള സിഗ്നൽ വരുന്നത് നൂറുകണക്കിന് മീറ്ററുകൾ അകലെ നിന്നാണ്. എന്നാൽ മൊബൈൽ ഫോൺ നമ്മൾ പിടിക്കുന്നത് ചെവിയോട് ചേർത്തോ, തലച്ചോറിനോട് അടുത്തോ, പോക്കറ്റിലോ ആണ്. അതിനാൽ ശരീരത്തിൽ ഏൽക്കുന്ന എക്സ്പോഷർ കണക്കാക്കുമ്പോൾ, ആകാശത്ത് നിൽക്കുന്ന ടവറിനേക്കാൾ നമ്മൾ നേരിട്ട് സ്പർശിക്കുന്ന ഫോണിൽ നിന്നുള്ള തരംഗങ്ങളാണ് ശരീരത്തിന് ഏറ്റവും അടുത്ത് നിൽക്കുന്നത്. റേഞ്ച് കുറഞ്ഞ സ്ഥലങ്ങളിൽ നിന്ന് ഫോൺ ഉപയോഗിക്കുമ്പോൾ അത് വേഗത്തിൽ ചൂടാകുന്നതും ബാറ്ററി പെട്ടെന്ന് തീരുന്നതും നമ്മളെല്ലാം ശ്രദ്ധിച്ചിട്ടുള്ള കാര്യമാണ്. ഫോൺ അതിന്റെ മുഴുവൻ പവറും ഉപയോഗിച്ച് റേഡിയോ തരംഗങ്ങൾ പുറത്തുവിടുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്.
ചുരുക്കത്തിൽ, വീടിനടുത്ത് ടവർ ഉണ്ടാകുമ്പോൾ ഫോണിന് ആയാസമില്ലാതെ പ്രവർത്തിക്കാം. ടവർ വേണ്ടെന്ന് വെച്ച് അത് കിലോമീറ്ററുകൾ ദൂരേക്ക് മാറ്റിയാൽ, ടവറിൽ നിന്നുള്ള പേടി മാറിയേക്കാം, പക്ഷേ തലയോട് ചേർത്തുപിടിക്കുന്ന സ്വന്തം മൊബൈൽ ഫോൺ നൂറു മടങ്ങ് കൂടുതൽ ശക്തിയിൽ റേഡിയോ തരംഗങ്ങൾ പുറത്തുവിടാൻ തുടങ്ങും. ഇല്ലെങ്കിൽ മൊബൈൽ ഫോണേ വേണ്ടെന്ന് വയ്ക്കണം. 🤷🏼♂️
4. അന്താരാഷ്ട്ര തലത്തിൽ റേഡിയേഷൻ സുരക്ഷ നിശ്ചയിക്കുന്നത് ICNIRP (International Commission on Non-Ionizing Radiation Protection) എന്ന ഏജൻസിയാണ്. എന്നാൽ, ഇന്ത്യയിലെ ടെലികോം വകുപ്പ് ഈ അന്താരാഷ്ട്ര മാനദണ്ഡത്തേക്കാൾ പത്തിരട്ടി കർശനമായ (1/10th of limits) നിയന്ത്രണങ്ങളാണ് മൊബൈൽ ടവറുകൾക്ക് വെച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ സർക്കാർ അനുമതിയോടെ വെക്കുന്ന ടവറുകളിൽ നിന്നുള്ള വികിരണങ്ങൾ സുരക്ഷിതമായ പരിധിയുടെ വളരെ താഴെ മാത്രമാണ്.
5. ‘ടവർ വന്നതോടെ നാട്ടിലെ കുരുവികളെല്ലാം ചത്തുപോയി’ എന്നൊരു പ്രചാരണം വാട്സാപ്പ് സർവകലാശാലകളിൽ സജീവമാണ്. എന്നാൽ ശാസ്ത്രലോകം നടത്തിയ പഠനങ്ങളിൽ കുരുവികൾ കുറയാൻ കാരണം ടവർ റേഡിയേഷനല്ല, മറിച്ച് കൃഷിയിലെ കീടനാശിനി പ്രയോഗം, കോൺക്രീറ്റ് കെട്ടിടങ്ങൾ കാരണം കൂടുവെക്കാൻ ഇടമില്ലാത്തത്, അവയുടെ പ്രധാന ഭക്ഷണമായ പ്രാണികളുടെ കുറവ് എന്നിവയാണ്.
സത്യം ഇതായിരിക്കെ, ശാസ്ത്രീയ വസ്തുതകൾ മനസ്സിലാക്കാതെ വാട്സാപ്പ് ഫോർവേഡുകൾ മാത്രം വിശ്വസിച്ച് ആശങ്കപ്പെടുന്നത് കൊണ്ടാണ് നാട്ടിലിപ്പോഴും ഇത്തരം ജനദ്രോഹപരമായ 'ജനകീയ കൂട്ടായ്മ' ബോർഡുകൾ തലപൊക്കുന്നത്. ശരിയായ അറിവില്ലാത്തതു കൊണ്ട് സംഭവിക്കുന്ന നിഷ്കളങ്കമായ അസംബന്ധമാണിതൊക്കെ