കഴിഞ്ഞ 45 വർഷത്തെ കലാജീവിതത്തിൽ നിരവധി രാജ്യങ്ങളിൽ മാജിക് ഷോ അവതരിപ്പിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. ഈ യാത്രയിൽ ലക്ഷക്കണക്കിന് ആൾക്കാരെ ഞാൻ പരിചയപ്പെട്ടിട്ടുമുണ്ട്. എന്നാൽ അവരിൽ ആത്മാർത്ഥ സുഹൃത്തുക്കളായി മാറിയവർ വളരെ ചുരുക്കമാണ്. ആ പട്ടികയിൽ ഏറ്റവും മുൻപന്തിയിൽ ശ്രീ സൂര്യ കൃഷ്ണമൂർത്തി ഉണ്ട് എന്ന് അഭിമാനത്തോടെ ഓർക്കുന്നു. എനിക്കദ്ദേഹം വെറുമൊരു മാർഗ്ഗദർശി മാത്രമായിരുന്നില്ല, ജ്യേഷ്ഠതുല്യനായ ഒരു സഹോദരൻ കൂടിയായിരുന്നു.

മാജിക് ലോകത്ത് സാമ്രാജ് എന്ന പേര് അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിൽ, അതിനു പിന്നിൽ അദ്ദേഹത്തിന്റെ ആത്മാർത്ഥമായ പിന്തുണ ഏറെ ഉണ്ടായിരുന്നു. ഗൾഫിലെ എഞ്ചിനീയറിംഗ് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ എന്നെ, ഇന്ന് കാണുന്ന കലാകാരനാക്കി ത്തീർത്തതിൽ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്.

---------

വഴിത്തിരിവായ മിനിസ്ക്രീൻ തുടക്കം

ടെലിവിഷൻ ഷോകളിലൂടെ വളർന്നുവന്ന കലാകാരനാണ് ഞാൻ. ദൂരദർശനിൽ നിരവധി മാജിക് പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും എന്റെ കലാജീവിതത്തിലെ വലിയൊരു വഴിത്തിരിവായത് ഏഷ്യാനെറ്റ് അവാർഡ് നൈറ്റിലെ പ്രോഗ്രാമായിരുന്നു. എനിക്കായി ആ വലിയ വേദി ഒരുക്കിത്തന്നത് മൂർത്തി സാറാണ്. ആ ഷോ കളർഫുൾ ആക്കാനായി പ്രശസ്ത സിനിമാ നടി ദിവ്യ ഉണ്ണിയെയും സംഘത്തെയും ക്രമീകരിച്ചു തന്നതും അദ്ദേഹം തന്നെ. കാണികളുടെ വൻ കയ്യടി നേടിയ ആ പ്രോഗ്രാമിനു ശേഷം എനിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ആ പരിപാടിക്ക് ശേഷം പ്രമുഖ ടിവി ചാനലുകളെല്ലാം എന്റെ പരിപാടികൾ ഏറ്റെടുത്തു.

-----------

കോവിഡ് കാലത്തെ വീണ്ടെടുപ്പും 'രണ്ടാം ജന്മവും'

കോവിഡ് എന്ന മഹാമാരി ആഞ്ഞടിച്ചപ്പോൾ മറ്റെല്ലാ കലാകാരന്മാരെയും പോലെ എന്റെ ട്രൂപ്പും നിശ്ചലമായി. 35-ൽ പരം ആർട്ടിസ്റ്റുകൾ മറ്റ് തൊഴിലിലേക്ക് ചേക്കേറി. വണ്ടികളും ഉപകരണങ്ങളുമെല്ലാം തുച്ഛമായ വിലയ്ക്ക് വിൽക്കേണ്ടിവന്നു. ഇനി ഒരു ഉയർത്തെഴുന്നേൽപ്പ് സാധ്യമല്ലെന്ന് ഉറപ്പിച്ച് ട്രൂപ്പ് എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ തീരുമാനിച്ച സമയത്താണ് ആ ഫോൺവിളി എത്തുന്നത്:

"സാമ്രാജ് "ഇങ്ങനെ മതിയോ? നമുക്ക് പ്രോഗ്രാം തുടങ്ങണ്ടേ?"

"സർ, എല്ലാം തകർന്നടിഞ്ഞു. വേദികളില്ലാതെ ഇനി എങ്ങനെ പ്രോഗ്രാം ചെയ്യും? ഒന്നിനും ഒരു മൂഡില്ല..." വിഷമത്തോടെ ഞാൻ പറഞ്ഞു.

"സാമ്രാജ്" അത്യാവശ്യമായി എന്റെ വീട്ടിലേക്ക് വരൂ, നമുക്ക് വഴി കണ്ടെത്താം," അവിടുത്തെ മറുപടി ദൃഢമായിരുന്നു.

ആകെ തകർന്നിരുന്ന എനിക്ക് ആ വാക്കുകൾ നൽകിയ ഊർജ്ജം വളരെ വലുതായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ ഞാൻ അദ്ദേഹത്തെ കാണുവാൻ പുറപ്പെട്ടു. അവിടെച്ചെന്ന എന്നെ ചേർത്തുപിടിച്ച്, ഏറെ പ്രചോദന വാക്കുകൾ നൽകിയ ശേഷം അദ്ദേഹം തോളിൽ തട്ടിപ്പറഞ്ഞു: " സാമ്രാജ്, ഉടൻ തന്നെ എന്റെ 'ഗണേശം' തിയേറ്ററിൽ ഒരു പ്രോഗ്രാം ചെയ്യണം."

ഞാൻ അമ്പരന്നുപോയി. ട്രൂപ്പ് അംഗങ്ങളോ, കൊണ്ടുപോകാൻ വാഹനങ്ങളോ ഒന്നുമില്ലാതെ എങ്ങനെ പ്രോഗ്രാം ചെയ്യും? എൻറെ വിഷമം മനസ്സിലാക്കിയ അദ്ദേഹം പെട്ടെന്ന് വീടിനുള്ളിലേക്ക് പോയി. ഒരു ചെക്കുമായി ആണ് മടങ്ങി വന്നത്. എൻ്റെ നേർക്ക് നീട്ടിയ ചെക്കിൽ എഴുതി തുക കണ്ട് ഞാൻ ഞെട്ടി. രണ്ടു ലക്ഷം രൂപ അഡ്വാൻസ്, ബാക്കി പ്രോഗ്രാമിന് ശേഷമെന്നും ഒരുറപ്പ്. വാക്കുകൾ മുട്ടി കണ്ണുകൾ നിറഞ്ഞപ്പോൾ അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു. ആ സ്നേഹത്തിനു മുന്നിൽ മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല.

ഒരു മാസത്തിനുശേഷം 'ഗണേശത്തിൽ' ആ പ്രോഗ്രാം നടന്നു. കലാ-സാംസ്കാരിക രംഗത്തെ പ്രമുഖർ നിറഞ്ഞ സദസ്സിന് മുന്നിൽ വെച്ച് എന്റെ കലാജീവിതത്തിന്റെ 'രണ്ടാം ജന്മം' കുറിക്കപ്പെടുകയായിരുന്നു.

----------

മന്ത്ര (MANTHRA) എന്ന മാജിക് സ്വപ്നം

ആയിരത്തോളം മാന്ത്രികരെ അണിനിരത്തിക്കൊണ്ട് 2016ൽ തൃശൂരിലും 2021ൽ എറണാകുളത്തുമായി ഞാൻ സംഘടിപ്പിച്ച 'MANTHRA-1', 'MANTHRA-2' എന്നീ ഇന്റർനാഷണൽ മാജിക് കൺവെൻഷനുകളുടെ വലിയ വിജയത്തിന് പിന്നിലും അദ്ദേഹത്തിന്റെ കയ്യൊപ്പുണ്ടായിരുന്നു. രണ്ടു സ്ഥലങ്ങളിലും മൂന്നു ദിവസം വീതം താമസിച്ച് അദ്ദേഹം നൽകിയ പിന്തുണ എനിക്ക് മറക്കുവാനാകില്ല ."ഇനി എന്ന് MANTHRA-3 നടത്താനാണ് ഉദ്ദേശം?" എന്ന് കാണുമ്പോഴൊക്കെ ചോദിക്കാറുള്ള അദ്ദേഹം, അടുത്തിടെ എന്നെ വിളിച്ചടുത്തു നിർത്തി പറഞ്ഞു: "MANTHRA-3 കൺവെൻഷൻ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടക്കണം. അതിന് നിങ്ങളെ സഹായിക്കാൻ സൂര്യയുണ്ടാകും." ഞാൻ ഉന്നതങ്ങളിൽ എത്തണമെന്ന് അത്രയധികം ആഗ്രഹിച്ച വലിയൊരു മനസ്സിന്റെ ഉടമയായിരുന്നു അദ്ദേഹം.

----------

ഐ.സി.യു-വിൽ നിന്നെത്തിയ ആ സ്നേഹസ്പർശം

എന്റെ ആത്മകഥയുടെ പ്രകാശനവുമായി ബന്ധപ്പെട്ട് ഓർക്കുമ്പോൾ ഇന്നും കണ്ണുനിറയുന്ന ഒരു സംഭവമുണ്ട്. മനോരമ പബ്ലിഷ് ചെയ്യുന്ന പുസ്തകത്തിന്റെ പ്രകാശനം തിരുവനന്തപുരം നിയമസഭാ മന്ദിരത്തിൽ വെച്ചായിരുന്നു നിശ്ചയിച്ചിരുന്നത്. ശ്രീ സൂര്യ കൃഷ്ണമൂർത്തി പ്രകാശനവും പ്രശസ്ത പത്രപ്രവർത്തകൻ ശ്രീ ജോൺ മുണ്ടക്കയം പുസ്തക സ്വീകരണവും നിർവഹിക്കുമെന്നും തീരുമാനിച്ചു.

എന്നാൽ പ്രകാശനത്തിന്റെ തലേന്ന് മൂർത്തി സാറിന് അപ്രതീക്ഷിതമായി ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും, തിരുവനന്തപുരത്തെ ആശുപത്രിയിൽ ഐ.സി.യു-വിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. വരവ് ഉറപ്പാക്കാൻ ഞാൻ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അദ്ദേഹം ഐ.സി.യു-വിലാണെന്ന വിവരമറിഞ്ഞ് ഞാൻ തകർന്നുപോയി.

"നാളത്തെ ഫങ്ഷന്റെ കാര്യമല്ലേ സാമ്രാജ്, വിഷമിക്കേണ്ട... ഞാൻ അവിടെയെത്തും," ഫോണിലൂടെ അദ്ദേഹം ഉറപ്പുനൽകിയെങ്കിലും, അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായതിനാൽ വരാൻ കഴിയില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

പക്ഷേ, പ്രകാശനദിവസം രാവിലെ 9:50-ന് വേദിക്കു മുന്നിൽ ഒരു കാർ വന്നുനിന്നു. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് സാക്ഷാൽ സൂര്യ കൃഷ്ണമൂർത്തി അതിൽ നിന്നും ഇറങ്ങിവന്നു. ഒരു കയ്യിൽ കാനുല, മറുകയ്യിൽ ബാൻഡേജ്, അണുബാധ ഏൽക്കാതിരിക്കാൻ മുഖത്ത് മാസ്ക്. ഐ.സി.യു-വിൽ നിന്ന് ഡോക്ടർമാരുടെ അനുമതിയോടെ നേരിട്ടാണ് അദ്ദേഹം വന്നിരിക്കുന്നത്. പ പതിനഞ്ചു മിനിറ്റിനുള്ളിൽ പുസ്തക പ്രകാശനം നിർവഹിച്ച ശേഷം അദ്ദേഹം നേരെ ആശുപത്രിയിലെ ഐ.സി.യു-വിലേക്ക് തന്നെ മടങ്ങി. ലോകത്ത് മറ്റൊരു വ്യക്തിയും ചെയ്യാത്ത സ്നേഹപ്രകടനമായിരുന്നു അത്.

നല്ലൊരു മനുഷ്യസ്നേഹി, ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ കലാസംഘടനയുടെ അമരക്കാരൻ, പ്രശസ്ത ഷോ ഡയറക്ടർ, അതിനെല്ലാമുപരി എന്റെ ജീവിതയാത്രയിലെ തണലായ ആ ജ്യേഷ്ഠസഹോദരനോട് ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു.

.....

പ്രിയപ്പെട്ട സൂര്യ കൃഷ്ണമൂർത്തിയുടെ വിയോഗം ഞാനടക്കമുള്ള കലാകാരന്മാർക്ക് നികത്താൻ ആകാത്ത വിടവാണ്. മരണ വാർത്ത അറിയുന്നത് ബഹറിനിൽ വെച്ചാണ്. മുൻകൂട്ടി ഏറ്റ പരിപാടി ആയതിനാൽ നാട്ടിലെത്തി അദ്ദേഹത്തിനെ ഒരുനോക്ക് കാണുവാൻ കഴിയാതെ പോയതിലുള്ള ദുഃഖം എക്കാലവും ഉണ്ടാകും. കഴിഞ്ഞ ദിവസം നാട്ടിലെത്തി അദ്ദേഹത്തിൻ്റെ ഭാര്യയെ സന്ദർശിച്ചിരുന്നു. മൂർത്തിയുടെ സ്വന്തം "സൂര്യ ഫെസ്റ്റിവൽ"; ഈ വർഷവും മുടക്കം ഇല്ലാതെ നടത്തുവാൻ വേണ്ട ഒരുക്കങ്ങൾ നടക്കുന്നുണ്ട്.

പേര് പോലെ തന്നെ സൂര്യ ഫെസ്റ്റിവൽ സൂര്യനെ പോലെ ജ്വലിച്ച് എക്കാലവും നിലനിൽക്കും. ഒപ്പം സൂര്യ കൃഷ്ണമൂർത്തി നമ്മുടെ ഓർമ്മകളിലും.