തിരുവനന്തപുരം: ആലപ്പുഴ ജില്ലയിലെ റാണി, ചിത്തിര കായല്‍ പാടശേഖരങ്ങളില്‍ നിന്ന് ഒന്നിച്ചു സംഭരിച്ച 25,75,473 കിലോഗ്രാം നെല്ലിന് സംസ്ഥാന പ്രോത്സാഹന ബോണസായി (എസ്‌ഐബി) 1,62,51,235 രൂപ ആലപ്പുഴ ജില്ലാ കളക്ടറുടെ പേരില്‍ അനുവദിക്കാന്‍ സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ക്ക് അനുമതി നല്‍കി. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന്റെ അഭ്യര്‍ഥനപ്രകാരം മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിര്‍ദ്ദേശപ്രകാരമാണു തുക അടിയന്തരമായി അനുവദിച്ചത്.

കേരളത്തില്‍ നെല്ല് സംഭരിക്കുന്ന കര്‍ഷകര്‍ക്ക് കിലോയ്ക്ക് 6.31 രൂപയാണു എസ്‌ഐബി നല്‍കുന്നത്. കേന്ദ്ര താങ്ങുവിലയ്ക്ക് പുറമേയാണ് ഈ തുക അനുവദിക്കുന്നത്. സംസ്ഥാനം നല്‍കുന്ന അധിക പ്രോത്സാഹന ബോണസ് നിര്‍ത്തലാക്കണമെന്നു കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും, ബോണസ് നല്‍കി കര്‍ഷകരെ ചേര്‍ത്തുപിടിക്കുമെന്നാണ് കേരളത്തിന്റെ നിലപാടെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.

കൈനകരി കൃഷിഭവന്‍ പരിധിയില്‍പ്പെടുന്ന റാണി (467 ഏക്കര്‍), ചിത്തിര (469 ഏക്കര്‍) കായല്‍ പാടശേഖരങ്ങളിലെ ഭൂവുടമകളില്‍ ഭൂരിഭാഗവും സ്ഥലത്തില്ലാത്തതിനാലും, നിയമപരമായി തിരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകന്‍ ജില്ലാ കളക്ടറുമായി കരാറിലേര്‍പ്പെട്ട് ഒന്നിച്ചു കൃഷി ചെയ്യുന്നതിനാലും വ്യക്തിഗത കര്‍ഷകരുടെ വിഹിതം പ്രത്യേകം കണക്കാക്കാന്‍ കഴിയില്ലെന്നു കളക്ടര്‍ അറിയിച്ചിരുന്നു. പാടശേഖരങ്ങളില്‍, ഭൂവുടമകള്‍ക്ക് നേരിട്ട് കൃഷി ഇറക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ നെല്‍കൃഷി പുനരുജ്ജീവനം പദ്ധതി ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും മേല്‍നോട്ടം വഹിക്കാന്‍ കളക്ടര്‍ ചെയര്‍മാനായി ജില്ലാതല എക്‌സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ സമിതിയുടെ മേല്‍നോട്ടത്തില്‍ കൃഷി ചെയ്യുന്നതിനാല്‍, ഈ കായലുകള്‍ക്ക് അഞ്ച് ഏക്കറിന് അധികമായി കൃഷിവകുപ്പിന്റെ ആനുകൂല്യങ്ങള്‍ നല്‍കാറുണ്ട്.

കലക്ടര്‍ ചെയര്‍മാനായുള്ള സമിതിയുടെ മേല്‍നോട്ടത്തില്‍ കരാര്‍ വ്യവസ്ഥയിലാണു 2014 മുതല്‍ കൃഷി നടത്തുന്നത്. നെല്ല് പൂര്‍ണ്ണമായും സപ്ലൈകോ വഴി സംഭരിക്കുകയും ഓരോ ഭൂവുടമയുടെയും വിഹിതം പ്രത്യേകം കണക്കാക്കാന്‍ സാധിക്കാത്തതിനാല്‍ കലക്ടറുടെ പേരില്‍ പി.ആര്‍.എസ്്. എഴുതി തുക പ്രത്യേക അക്കൗണ്ടിലേക്കു മാറ്റുകയുമാണു ചെയ്യുന്നത്.

ഈ പാടശേഖരങ്ങളിലെ പ്രത്യേക നെല്ല് സംഭരണം എസ്.ഐ.ബിയുടെ നിലവിലെ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കുന്നത് സംബന്ധിച്ച് വിശദമായ സമഗ്ര പഠന റിപ്പോര്‍ട്ട്, തുടര്‍നടപടികള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തി ഒരു മാസത്തിനകം നല്‍കാന്‍ കലക്ടറോട് നിര്‍ദ്ദേശിച്ചതായും മന്ത്രി അറിയിച്ചു.