കുവൈത്ത് സിറ്റി: കുവൈത്തിലെ സർക്കാർ സേവനങ്ങൾ കൂടുതൽ ഡിജിറ്റൽ സൗകര്യങ്ങളിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി കമ്മ്യൂണിക്കേഷൻ മന്ത്രാലയം ‘സഹേൽ’ (Sahel) ആപ്ലിക്കേഷൻ വഴി ആറ് പുതിയ ഇലക്ട്രോണിക് സേവനങ്ങൾ ആരംഭിച്ചു. മന്ത്രാലയവുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾക്കായി ഓഫീസുകൾ നേരിട്ട് സന്ദർശിക്കേണ്ട സാഹചര്യം കുറയ്ക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം.

ജീവനക്കാരുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളും മറ്റ് ഔദ്യോഗിക രേഖകളും ഇനി ഓൺലൈൻ സംവിധാനത്തിലൂടെ ലഭ്യമാക്കുന്ന രീതിയിലാണ് സേവനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ശമ്പള സർട്ടിഫിക്കറ്റ്, കരിയർ പുരോഗതി സംബന്ധിച്ച രേഖകൾ, ജോലി/സാമ്പത്തിക സ്ഥിതി സംബന്ധിച്ച സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ ഡിജിറ്റൽ രീതിയിൽ ലഭ്യമാക്കാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കും.

സർക്കാർ സേവനങ്ങൾ വേഗത്തിലും സുതാര്യമായും ലഭ്യമാക്കുന്നതിനും ഉപഭോക്താക്കളുടെ സമയവും പരിശ്രമവും ലാഭിക്കുന്നതിനുമാണ് സേവനങ്ങൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുന്നത്. സർക്കാർ സേവനങ്ങളുടെ ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായി കൂടുതൽ സേവനങ്ങൾ സഹേൽ ആപ്പിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികളും തുടരുകയാണ്.