തിരുവനന്തപുരം: ശംഖുമുഖം തോപ്പ് സെന്റ് റോക്‌സ് ഹൈസ്‌കൂളിൽ അദാനി ഫൗണ്ടേഷന്റെ പങ്കാളിത്തത്തോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായി നിർമിച്ച പുതിയ ഇൻഡോർ ഓഡിറ്റോറിയവും സ്‌പോർട്‌സ് ഹബ്ബും നാളെ ഉദ്ഘാടനം ചെയ്യും.

വൈകിട്ട് 5ന് കായിക-യുവജനകാര്യ, രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി ഒ. ജെ. ജെനീഷ് ഉദ്ഘാടനം നിർവഹിക്കും. ഗതാഗത മന്ത്രി സി. പി. ജോൺ മുഖ്യാതിഥിയാകും.

കെട്ടിട നിർമാണത്തിനായി 67 ലക്ഷം രൂപയും, കായിക ഉപകരണങ്ങൾക്കായി 13.66 ലക്ഷം രൂപയും ഉൾപ്പെടെ ആകെ 80.66 ലക്ഷം രൂപയുടെ പിന്തുണയാണ് അദാനി ഫൗണ്ടേഷൻ പദ്ധതിക്കായി നൽകിയത്.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സിഎസ്ആർ പ്രവർത്തനങ്ങൾ വിദ്യാഭ്യാസം, സമൂഹാരോഗ്യം, സുസ്ഥിര ഉപജീവനമാർഗങ്ങൾ, സമൂഹ വികസനം, കാലാവസ്ഥാ പ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ കേന്ദ്രീകരിച്ചാണ് നടപ്പാക്കുന്നത്.

വിദ്യാഭ്യാസ സഹായ പദ്ധതികൾ, മത്സരപ്പരീക്ഷാ പരിശീലനം, വിദ്യാർഥികൾക്കായുള്ള സായാഹ്ന പഠന പരിപാടികൾ, ആരോഗ്യ-കാഴ്ച പരിശോധനാ ക്യാമ്പുകൾ, വനിതകൾക്കായുള്ള ഉപജീവന പദ്ധതികൾ, സമൂഹ അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവ ഇതിന്റെ ഭാഗമായി നടപ്പാക്കിവരുന്നു.

കേരള വാട്ടർ അതോറിറ്റിയുടെ സഹകരണത്തോടെ അരുവിക്കരയിൽ നടപ്പാക്കുന്ന വാട്ടർ പോസിറ്റീവ് ഇനിഷ്യേറ്റീവിന്റെ ഭാഗമായി 56.73 ലക്ഷം രൂപ ചെലവിൽ കളനീക്കം ചെയ്യുന്നതിനുള്ള വീഡ് ഹാർവെസ്റ്റർ ഉൾപ്പെടെയുള്ള ഉപകരണങ്ങളും വിമാനത്താവളം ലഭ്യമാക്കിയിട്ടുണ്ട്. ഇതിന് പുറമെ സ്വയം പ്രവർത്തിക്കുന്ന സർഫസ് വെഹിക്കിൾ, മാലിന്യസംസ്‌കരണ ഉപകരണങ്ങൾ എന്നിവയ്ക്കും പിന്തുണ നൽകുന്നുണ്ട്.

നിലവിൽ നടപ്പാക്കിവരുന്നതും നിർദേശിച്ചിട്ടുള്ളതുമായ വിവിധ CSR പദ്ധതികൾക്കായി ആകെ 3.27 കോടി രൂപയുടെ നിക്ഷേപമാണ് വിഭാവനം ചെയ്തിരിക്കുന്നത്. കൂടാതെ, നിർദിഷ്ട മാസ്റ്റർ പ്ലാൻ വിപുലീകരണത്തിന് അനുമതി ലഭിക്കുന്നതിന് വിധേയമായി 21.77 കോടി രൂപയുടെ കോർപറേറ്റ് എൻവയേൺമെന്റൽ റെസ്പോൺസിബിലിറ്റി(CER) പ്രവർത്തനങ്ങളും വിമാനത്താവളം നിർദേശിച്ചിട്ടുണ്ട്.

വിദ്യാർഥികൾക്ക് കായിക പരിശീലനത്തിനും ശാരീരിക ക്ഷമതയ്ക്കും മികച്ച അവസരങ്ങൾ ഒരുക്കുന്നതിനൊപ്പം അവരുടെ സമഗ്രവികസനത്തിന് പിന്തുണ നൽകുന്നതാണ് പുതിയ ഇൻഡോർ ഓഡിറ്റോറിയവും സ്‌പോർട്‌സ് ഹബ്ബും. സമൂഹത്തിന്റെ ആവശ്യങ്ങൾക്കൊപ്പം ചേർന്നുനിൽക്കുന്ന വിമാനത്താവളത്തിന്റെ സിഎസ്ആർ പ്രവർത്തനങ്ങളിൽ പുതിയൊരു അധ്യായം കൂടിയാണ് ഈ പദ്ധതി.