തിരുവനന്തപുരം: പരിസ്ഥിതി പ്രവർത്തകരുടെയും സംഘടനകളുടെയും കൂട്ടായ്മയായ കോ എക്സിസ്റ്റൻസ് കളക്ടിവ് കേരളയുടെ ആഭിമുഖ്യത്തിലുള്ള വന്യജീവി വരാഘോഷത്തിന് - വന സ്പന്ദനത്തിന് തുടക്കമായി. സെൻട്രൽ സ്‌റ്റേറ്റ് ലൈബ്രറിയുടെ സഹകരണത്തോടെ ലൈബ്രറി ഹാളിൽ ആരംഭിച്ച വനസ്പന്ദനത്തിൽ കാടും പ്രകൃതിയും വന്യജീവികളുമായി ബന്ധപ്പെട്ട 34 ഫോട്ടോകൾ ഉൾപ്പെടുന്ന ഫോട്ടോ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. മൂന്ന് ദിവസം നീളുന്ന വന സ്പന്ദനം വനം വകുപ്പ് മേധാവി രാജേഷ് രവീന്ദ്രൻ ഉൽഘാടനം ചെയ്തു. കല്ലിനും പണത്തിനും പിന്നാലെ പോകുന്നവർ ചുറ്റിനുമുള്ള ജീവനുകൾ കാണാതെ പോകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ വർഷവും വന്യജീവി വാരാഘോഷം സംഘടിപ്പിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നു.എന്നിട്ടും സംരക്ഷണം എന്ന അടിസ്ഥാനം ഉലഞ്ഞിരിക്കുന്നു. നദികൾ മലിനമാണ്, കാലാവസ്ഥ മാറുന്നു, ജീവന് എതിരായി നിൽക്കുന്നത് എന്താണോ അതാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്. സഹജീവനത്തിലൂടെയെ അതിജീവനം സാധ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായി കാര്യങ്ങൾ മനസിലാക്കിയാൽ കർഷകർ ഇ എസ് എ യോട് യോജിക്കുമെന്നാണ് അനുഭവമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ മുൻ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് പറഞ്ഞു. ഹൈറേഞ്ച് മൗണ്ടൻ ലാൻഡ് സ്‌കേപ്പ് പദ്ധതിയെ തുടക്കത്തിൽ എതിർത്തതും പിന്നിട് ചിലരെങ്കിലും അനുകൂലിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാദേശിക ജനവിഭാഗങ്ങളുടെ പിന്തുണയോടെ വേണം പദ്ധതികൾ നടപ്പാക്കാൻ. കർഷക-വന്യജീവി സഹവർത്തിത്വത്തിന് കാർഷിക വിളകളം പരിഹാരമാണെന്ന് പ്രമുഖ പരിസ്ഥിതി സംരക്ഷകനും മുൻ ഐ എ എസ് ഓഫീസറായ എം കെ രഞ്ജിത് സിംഹ് ചൂണ്ടിക്കാട്ടി. കാടിനകത്ത് പ്ലാവുകൾ വളർത്താനുള്ള നിർദ്ദേശം സ്വാഗതാർഹമാണ്. മുൻ ഐ എഫ് എസ് ഉദ്യോഗസ്ഥ പ്രകൃതി ശ്രീ വാസ്തവ ഫോട്ടോ പ്രദർശനം ഉൽഘാടനം ചെയ്തു. വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡൻറ് എൻ ബാദുഷ അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ലൈബ്രറിയൻ പി കെ ശോഭന സംസാരിച്ചു. വീണ മരതൂർ സ്വാഗതവും കെ എം സുലൈമാൻ നന്ദിയും പറഞ്ഞു. തുർന്ന് നടന്ന മാധ്യമ സെമിനാറിൽ രാധാകൃഷ്ണൻ എം ജി അധ്യക്ഷനായിരുന്നു. മാധവ് ഗാഡ്ഗിൽ മുന്നറിയിപ്പ് നൽകിയ ദുരിതങ്ങൾ അനുഭവിക്കുമ്പോഴും, ഗാഡ്ഗിൽ നിർദ്ദേശിച്ചതൊക്കെ അട്ടിമറിക്കുകയാണ്. പരിസ്ഥിതി റിപ്പോർട്ടിംഗിൽ മാധ്യമങ്ങൾ അടുത്ത കാലത്തായി ഒരുപക്ഷം മാത്രം കാണുന്നു. മറ്റ് വശങ്ങളും വസ്തുതകളും കാണാതെ പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിലനിൽപ്പിൻ്റെ അതിജീവനത്തിൻ്റെ ഭാഗമാണ് പരിസ്ഥിതി സംരക്ഷണമെന്ന് തിരിച്ചറിയണം. മാധ്യമ പ്രവർത്തകരായ വർഗീസ് സി തോമസ്, എസ് ബിജൂ, എസ്.ആനന്ദൻ, എസ് അനിൽ, അർജുൻ രഘുനാഥ്, എം ജെ ബാബു എന്നിവർ സംസാരിച്ചു. വൈൽഡ്‌ ലൈഫ് ഫോട്ടോ ഗ്രാഫിയും വീഡിയോ ഗ്രാഫിയും എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ വനം വകുപ്പ് എ സി എഫ് പി എം പ്രഭു അധ്യക്ഷത വഹിച്ചു. ബാലൻ മാധവൻ, സുരേഷ് ഇളമൺ, സാലി പാലോട്, വിഷ്ണു ഗോപാൽ, ഷാജൂ ജോൺ എന്നിവർ പങ്കെടുത്തു. മാധ്യമ ഫോട്ടോഗ്രാഫറായിരുന്ന എൻ പി ജയൻ അനുസ്മരണ പ്രഭാഷണം കെ എ ഷാജി നിർവഹിച്ചു.