കുവൈത്ത് സിറ്റി: അൽ-റൈയിലെ ഫ്രൈഡേ മാർക്കറ്റിൽ നടത്തിയ വിപുലമായ സുരക്ഷാ പരിശോധനയിൽ വിവിധ കേസുകളിൽ ഉൾപ്പെട്ട 61 പേരെ കുവൈത്ത് അധികൃതർ പിടികൂടി.
ഫർവാനിയ ഗവർണറേറ്റ് സുരക്ഷാ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലായിരുന്നു നടപടി. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം, കുവൈത്ത് മുനിസിപ്പാലിറ്റി, വൈദ്യുതി-ജലം മന്ത്രാലയം, വാണിജ്യ-വ്യവസായ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റി എന്നിവയും പരിശോധനയിൽ പങ്കെടുത്തു.
പിടിയിലായവരിൽ ഒളിച്ചോടൽ പരാതികളുമായി ബന്ധപ്പെട്ട 25 പേർ, കാലാവധി കഴിഞ്ഞ താമസരേഖയുള്ള 16 പേർ, തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ട എട്ട് പേർ, കാലാവധി കഴിഞ്ഞ വിസയുള്ള മൂന്ന് പേർ എന്നിവരും ഉൾപ്പെടുന്നു. മറ്റു വിവിധ കേസുകളിലുള്ളവരെയും അറസ്റ്റ് ചെയ്തു.
പരിശോധനയ്ക്കിടെ 15 നിയമലംഘന റിപ്പോർട്ടുകൾ രജിസ്റ്റർ ചെയ്യുകയും 120 മാനവിക സഹായ പാക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.