കുവൈത്ത് സിറ്റി: കെ.കെ. പ്രൊഡക്ഷൻസിന്റെ ബാനറിൽ എ.കെ. നസീം സംവിധാനം ചെയ്യുന്ന പുതിയ ഷോർട്ട് ഫിലിം ‘ദി കൺഫെഷൻ’ന്റെ പൂജയും ടൈറ്റിൽ റിലീസും കുവൈത്തിൽ നടന്നു. സിനിമാ-സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് ചടങ്ങുകൾ നടന്നത്.

പ്രശസ്ത സിനിമാ സംവിധായകൻ രാജസേനൻ, ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മ, പ്രമുഖ സിനിമ-സീരിയൽ നടി ജീജാ സുരേന്ദ്രൻ എന്നിവർ ചേർന്നാണ് പൂജാ ചടങ്ങുകളും ടൈറ്റിൽ റിലീസും നിർവഹിച്ചത്.

റോസ് സോണിയ ശർമയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. രതീഷ് അമ്മാസ് ക്യാമറയും ബിജു ഭദ്ര എഡിറ്റിങ്ങും നിർവഹിക്കുന്നു. സൗണ്ട് സ്റ്റുഡിയോ സാലി സൗണ്ട് വിഭാഗവും ഹിജു ഹിജാസ് പശ്ചാത്തല സംഗീതവും കൈകാര്യം ചെയ്യുന്നു.

ജീജാ സുരേന്ദ്രനൊപ്പം വട്ടിയൂർക്കാവ് കൃഷ്ണകുമാർ, ബിൻസി, സിജോയ് ജോർജ്, മധു ജി. കൈമൾ, ജിനു വൈക്കം, മിത്തു ചെറിയാൻ, സീനു മാത്യൂസ്, അൻഷാദ്, രാഗേഷ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കുവൈത്തിലെ മലയാളി കലാ-സാംസ്കാരിക രംഗത്തെ ശ്രദ്ധേയമായ സാന്നിധ്യങ്ങൾ ചടങ്ങിൽ പങ്കെടുത്തു. വ്യത്യസ്തമായ പ്രമേയവും അവതരണരീതിയും മുന്നോട്ടുവയ്ക്കുന്ന ചിത്രമാണ് ‘ദി കൺഫെഷൻ’ എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.