ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച പനാമ പതാകയുള്ള വാണിജ്യ കപ്പലിന് നേരെ പ്രൊജക്ടൈൽ പതിച്ച് 11 ഇന്ത്യക്കാർ ഉൾപ്പെടെ 12 ജീവനക്കാർക്ക് പരിക്ക്. ഒമാൻ തീരത്തിന് സമീപം ചൊവ്വാഴ്ചയാണ് സംഭവം.

എം.ടി. ഓൺ പീസ് എന്ന കപ്പലാണ് പ്രൊജക്ടൈൽ പതിച്ച് ആക്രമിക്കപ്പെട്ടത്. കപ്പലിൽ ആകെ 19 ജീവനക്കാരാണുണ്ടായിരുന്നത്. ഇതിൽ 17 പേർ ഇന്ത്യൻ പൗരന്മാരാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരിൽ 11 പേർ ഇന്ത്യക്കാരാണ്.

ഒമാൻ അധികൃതരുടെ സഹായത്തോടെ പരിക്കേറ്റ ജീവനക്കാരെ കപ്പലിൽ നിന്ന് ഒഴിപ്പിച്ച് ഒമാനിലെ ഖസബിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനത്തിൽ സഹായം നൽകിയ ഒമാൻ അധികൃതർക്ക് ഇന്ത്യ നന്ദി അറിയിച്ചു.

സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മേഖലയിൽ കപ്പലുകൾക്ക് നേരെയുണ്ടാകുന്ന തുടർച്ചയായ ആക്രമണങ്ങൾ ഇന്ത്യയ്ക്ക് കടുത്ത ആശങ്കയുണ്ടാക്കുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

വാണിജ്യ കപ്പലുകൾ, നാവിക ജീവനക്കാർ, സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും സമാധാനത്തിന്റെയും മേഖലയുടെ സ്ഥിരതയുടെയും താൽപര്യത്തിൽ ഇത്തരം ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സുരക്ഷിതമായ നാവിഗേഷനും വാണിജ്യ ഗതാഗതവും എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.