തിരുവനന്തപുരം :സംഘപരിവാർ സംഘടനയൊഴികെയുള്ള മറ്റു വിദ്യാർത്ഥി സംഘടനകളാകെ പ്രതിഷേധിച്ചിട്ടും പരിപാടിക്ക് സർക്കാർ ഒത്താശ ചെയ്യുകയാണുണ്ടായതെന്ന് പിണറായി പറഞ്ഞു.. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവിവൽക്കരിക്കാനും ക്യാമ്പസുകളിൽ വർഗീയ അജണ്ടകൾ നടപ്പിലാക്കാനുമുള്ള സംഘപരിവാർ ഗൂഢാലോചനയ്ക്ക് യുഡിഎഫ് സർക്കാർ കൂട്ടുനിൽക്കുന്നത് പതിവുസംഭവമായി മാറിയിരിക്കുകയാണ്.

വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയ സെമിനാറിന്റെ രാഷ്ട്രീയം പ്രകടമാണ്. അക്കാദമിക് പരിപാടിയാണെന്നാണ് വാദമെങ്കിൽ ഇതിലേക്ക് അക്കാദമിക് പശ്ചാത്തലമില്ലാത്ത ആർഎസ്എസ് നേതാവിനെ ക്ഷണിച്ചതിന് എന്തു ന്യായീകരണമാണ് സർവ്വകലാശാല അധികൃതർക്ക് പറയാനുള്ളത്? പരിപാടിക്കായി മുൻകൂട്ടി രെജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളെപ്പോലും ഹാളിലേക്ക് പ്രവേശിപ്പിക്കാതെ തടഞ്ഞുനിർത്തുന്ന സ്ഥിതിയുമുണ്ടായി.

​വിദ്യാഭ്യാസ കേന്ദ്രങ്ങളെ വിദ്വേഷ പ്രചാരണങ്ങളുടെയും വർഗീയതയുടെയും ഇടങ്ങളാക്കി മാറ്റാനുള്ള ശ്രമങ്ങളെ കേരളം എക്കാലത്തും ശക്തമായി പ്രതിരോധിച്ചിട്ടുണ്ട്. എന്നാൽ, ഇത്തരം അറുപിന്തിരിപ്പൻ ശക്തികൾക്ക് താവളമൊരുക്കാൻ സംസ്ഥാന പോലീസിനെ ഉപയോഗിക്കുന്നത് യുഡിഎഫ് സർക്കാരിന്റെ ആർഎസ്എസ് പ്രീണന നയമാണ് വ്യക്തമാക്കുന്നത്. സംഘപരിവാറിന് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് യഥേഷ്ടം വിഹരിക്കാൻ പോലീസ് കാവലൊരുക്കുന്നത് മതനിരപേക്ഷ കേരളത്തോടുള്ള വെല്ലുവിളിയാണ്. ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധം പൊതുസമൂഹത്തിൽ നിന്നും ഉയരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.