കുവൈത്ത് സിറ്റി: കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയുടെ നിലവിലെ ഭരണസമിതിയുടെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി സാമൂഹിക ക്ഷേമ, കുടുംബ, ശിശുക്ഷേമ മന്ത്രി ഡോ. അംസാൽ അൽ-ഹുവൈല ഉത്തരവിറക്കി. ഉത്തരവ് നമ്പർ 336/2026 പ്രകാരമാണ് നടപടി.
ഖാലിദ് അൽ-മഗാമസ് അധ്യക്ഷനായ നിലവിലെ ഭരണസമിതിയിൽ ഡോ. നാസർ അൽ-തനാക്, യൂസഫ് അൽ-സബൻ, സൗദ് അൽ-മുഖൈസീം, സൗദ് അൽ-ദബൂസ്, ഡോ. ലത്തീഫ അൽ-മീർ എന്നിവർ അംഗങ്ങളാണ്.
സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ തുടർച്ചയായി മുന്നോട്ടുകൊണ്ടുപോകുന്നതിനൊപ്പം സാമ്പത്തിക ഫണ്ടുകളുടെ സുരക്ഷ ഉറപ്പാക്കുക, സാമ്പത്തിക ക്രമക്കേടുകൾ തടയുക, സ്ഥാപനത്തിന്റെ ഭരണപരമായ കാര്യങ്ങളിൽ ആവശ്യമായ നിയന്ത്രണം ഉറപ്പാക്കുക തുടങ്ങിയ ചുമതലകളും സമിതിക്ക് ഉണ്ടായിരിക്കും.
മാനവിക, സാമൂഹിക സേവന രംഗത്ത് റെഡ് ക്രസന്റ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി തുടരുന്നതിനും സാമ്പത്തികവും ഭരണപരവുമായ കാര്യങ്ങളിൽ ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനുമാണ് കാലാവധി നീട്ടിയതെന്നാണ് വിലയിരുത്തൽ.