തിരുവനന്തപുരം :പഠനത്തിൽ പ്രയാസം അനുഭവിക്കുന്ന കുട്ടികൾ ഇല്ലാത്ത സ്‌കൂളുകളാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് കേരള പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ: എൻ ഷംസുദ്ദീൻ പ്രഖ്യാപിച്ചു.

എല്ലാ കുട്ടികളെയും പഠനത്തിലും ജീവിത നൈപുണികളിലും മുഖ്യധാരയിലെത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

ഗവണ്മെൻ്റിൻ്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി പൊതു വിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷാ കേരളം മുഖേന നടപ്പിലാക്കുന്ന റിവൈവ് - നവജീവനം പ്രോഗ്രാമിൻ്റെ നിർവ്വഹണോദ്ഘാടനം തിരുവനന്തപുരം പട്ടം സെൻ്റ് മേരീസ് എച്ച് എസ് എസ് ൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

പുതുയുഗകേരളത്തിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി പൊതു വിദ്യാഭ്യാസ വകുപ്പ് വിഭാവനം ചെയ്ത 16 പദ്ധതികളിൽ ഏറെ പ്രാധാന്യമുള്ളതാണ് റിവൈവ് - നവജീവനം.

എൽ പി, യു.പി ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ്, ഗണിതം വിഷയങ്ങളിൽ കുട്ടികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ പരിഹരിക്കുക എന്നതാണ് റിവൈവിൻ്റെ ലക്ഷ്യം.

ഇതിലൂടെ ഭാവിപഠനത്തിലും കരിയറിലും നമ്മുടെ കുട്ടികൾക്ക് അവസരങ്ങളൊരുക്കാനും റിവൈവ് ലക്ഷ്യമാക്കുന്നു.

​പാഠ്യപദ്ധതി ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് അധ്യാപകരുടെ അക്കാദമിക സ്വാതന്ത്ര്യത്തെ കൂടി പരിഗണിച്ച് , കുട്ടികളിലെ പ്രത്യേക പഠന പിന്നോക്കാവസ്ഥകൾ തിരിച്ചറിയാനും, ഫലപ്രദമായ ബോധനരീതികൾ നടപ്പിലാക്കാനും, പഠനനേട്ടങ്ങൾ വിലയിരുത്താനും, ക്ലാസ്സ്‌റൂം തെളിവുകൾ അടിസ്ഥാനമാക്കി അധ്യാപന രീതികൾ നിരന്തരം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഒരു ലക്ഷ്യാധിഷ്ഠിത പഠന പദ്ധതിയാണ് റിവൈവ് അഥവാ നവജീവനമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

കേരള സർക്കാർ പ്രഖ്യാപിച്ച 100 ദിന കർമ്മപരിപാടിയിൽ ദശലക്ഷക്കണക്കിന് കുട്ടികളിലേക്കെത്തുന്ന, അതുവഴി സമൂഹത്തിന് ഏറെ മുതൽക്കൂട്ടാവുന്ന പ്രോഗ്രാമാണ് റിവൈവ് എന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച

ആരോഗ്യം,ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ അഭിപ്രായപ്പെട്ടു.

റിവൈവ് കോ ഓർഡിനേറ്ററും സ്‌റ്റേറ്റ് പ്രോഗ്രാം ഓഫീസറുമായ വി. കെ അബ്ദുറഹിമാൻ പദ്ധതി വിശദീകരണം നടത്തി.

രേഷ്മ. സി,ബിജു .ആർ,

ഗീതാ നായർ,ലേഖ ഗോവിന്ദൻ,

ലീനാ ദേവി എസ്. വി,

ഫാദർ നെൽസൺ വലിയവീട്ടിൽ,

റെജി ലൂക്കോസ്,

മനോജ് കെ. ബി ,

റവ. ഫാദർ തോമസ് കയ്യാലക്കൽ എന്നിവർ സന്നിഹിതരായിരുന്നു.

എസ് എസ് കെ സ്‌റ്റേറ്റ് പ്രോജക്റ്റ് ഡയരക്ടർ ഡോ കെ മോഹന കുമാർ സ്വാഗതവും

ജില്ലാ പ്രോജക്റ്റ് കോ ഓർഡിനേറ്റർ പനവൂർ നിസാമുദ്ദീൻ നന്ദിയും പറഞ്ഞു.