കൊല്ലം: കേരള മനഃസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് വീണ്ടുമൊരു സ്ത്രീധന പീഡന വാർത്ത കൂടി പുറത്തുവരുന്നു. കൊല്ലം ജില്ലയിലെ നീണ്ടകരയിൽ നവവധുവായ ബിരുദാനന്തര ബിരുദധാരിക്ക് നേരെ ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും ഭാഗത്തുനിന്ന് ഉണ്ടായത് ക്രൂരമായ പീഡന പരമ്പരയാണ്.
സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് വിദേശത്തു വെച്ചും നാട്ടിൽ വെച്ചും ക്രൂരമായ മർദ്ദനത്തിന് ഇരയായ നീണ്ടകര മണ്ണാത്തറ സ്വദേശിനി അഞ്ജു (24) നിലവിൽ ഗുരുതര പരിക്കുകളോടെ കൊല്ലം ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് ചവറ പരിമണം സ്വദേശി നന്ദു ദിനേഷ് (28), ഇയാളുടെ മാതാപിതാക്കൾ എന്നിവർക്കെതിരെ ചവറ പോലീസ് കേസെടുത്തു.
ഡാറ്റാ അനലിറ്റിക്‌സിൽ ഉയർന്ന വിദ്യാഭ്യാസം നേടിയ അഞ്ജുവിന്റെയും നന്ദുവിന്റെയും വിവാഹം കഴിഞ്ഞ ജൂലൈ 27-നായിരുന്നു നടന്നത്. വിവാഹം കഴിഞ്ഞ് കേവലം ഒരാഴ്ച പിന്നിട്ടപ്പോൾ മുതൽ ഭർതൃവീട്ടിൽ വെച്ച് സ്ത്രീധനത്തെച്ചൊല്ലിയുള്ള മാനസിക പീഡനം ആരംഭിച്ചതായി യുവതിയുടെ പരാതിയിൽ പറയുന്നു. തങ്ങൾക്ക് ലഭിച്ച സ്ത്രീധനത്തുക കുറഞ്ഞുപോയെന്ന് കാണിച്ച് നന്ദുവിന്റെ മാതാപിതാക്കളായ ദിനേഷും ജഗദമ്മയും യുവതിയെ നിരന്തരം അധിക്ഷേപിച്ചിരുന്നു.
വിവാഹശേഷം നന്ദു അഞ്ജുവിനെ താൻ ജോലി ചെയ്യുന്ന സൗദി അറേബ്യയിലേക്ക് കൊണ്ടുപോയതോടെയാണ് പീഡനം അതിക്രൂരമായ ശാരീരിക മർദ്ദനങ്ങളിലേക്ക് വഴിമാറിയത്. സ്ത്രീധന പീഡനത്തിനൊപ്പം ഭർത്താവിന്റെ കടുത്ത സംശയരോഗം കൂടിയായപ്പോൾ ഒരു സൈക്കോപാത്തിനെപ്പോലെയാണ് ഇയാൾ പെരുമാറിയതെന്ന് അഞ്ജു വെളിപ്പെടുത്തുന്നു.
പ്രഷർ കുക്കർ കൊണ്ട് തലയ്ക്കടിക്കുക, ലാപ്ടോപ്പ് ചാർജർ, ബെൽറ്റ്, ആട്ടുകല്ല്, കട്ടിങ് ബോർഡ് എന്നിവ ഉപയോഗിച്ച് ശരീരമാസകലം തല്ലിച്ചതയ്ക്കുക തുടങ്ങിയ ക്രൂരതകളാണ് അഞ്ജുവിന് നേരിടേണ്ടി വന്നത്. ബൂട്സ് ധരിച്ച കാലുകൾ കൊണ്ട് അടിവയറ്റിൽ ചവിട്ടുകയും സ്വകാര്യഭാഗങ്ങളിൽ അടക്കം മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്തു. ഇതോടൊപ്പം അഞ്ജുവിന്റെ കഴുത്തിൽ കത്തിയും സ്ക്രൂഡ്രൈവറും വെച്ച് ഭീഷണിപ്പെടുത്തി, താൻ തെറ്റുകാരിയാണെന്ന് വരുത്തിതീർക്കുന്ന രീതിയിലുള്ള വ്യാജ ശബ്ദരേഖകൾ നന്ദു നിർബന്ധിപ്പിച്ച് റെക്കോർഡ് ചെയ്യിപ്പിച്ചു. ഈ ഓഡിയോ സന്ദേശങ്ങൾ പിന്നീട് ഇയാൾ മറ്റുള്ളവർക്ക് അയച്ചുകൊടുത്ത് അപകീർത്തിപ്പെടുത്താനും ശ്രമിച്ചു.
നിരന്തരമായ മർദ്ദനങ്ങൾക്കൊടുവിൽ കഴിഞ്ഞ സെപ്റ്റംബർ 30-നാണ് അഞ്ജു എങ്ങനെയോ വിദേശത്തു നിന്നും നാട്ടിൽ തിരിച്ചെത്തിയത്. ശരീരമാസകലം ഗുരുതരമായ പരിക്കുകളോടെ യുവതിയെ ഉടൻ തന്നെ കൊല്ലം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ജുവിന്റെ ശരീരത്തിൽ മുപ്പതിലധികം മാരകമായ മുറിവുകളും രക്തം കട്ടപിടിച്ച വലിയ പാടുകളുമുണ്ട്. യുവതിയുടെ പരിക്കുകളുടെ വിവരങ്ങൾ രേഖപ്പെടുത്താൻ മാത്രം ഡോക്ടർമാർക്ക് മൂന്ന് പേജുകളോളം നീണ്ട മെഡിക്കൽ റിപ്പോർട്ട് തയ്യാറാക്കേണ്ടി വന്നു എന്നത് അക്രമത്തിന്റെ ആഴം വ്യക്തമാക്കുന്നു
നാട്ടിലെത്തിയ ഉടൻ തന്നെ അഞ്ജുവും കുടുംബവും ഭർത്താവിനും ഭർതൃപിതാവിനും മാതാവിനുമെതിരെ ചവറ പോലീസിൽ ഔദ്യോഗികമായി പരാതി നൽകി. മൂന്ന് പ്രതികൾക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും, അഞ്ജു മൊഴി നൽകിയ പല പ്രധാന ക്രൂരതകളും എഫ്.ഐ.ആറിൽ (FIR) കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്ന ആക്ഷേപം കുടുംബത്തിനുണ്ട്. നിലവിൽ വിദേശത്തുള്ള പ്രതിയായ നന്ദുവിനെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് എത്രയും വേഗം നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് പോലീസ്..
സംഭവം വിവാദമായതോടെ വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഗുജറാത്തിൽ നിന്നും ഫോൺ വഴി അഞ്ജുവുമായി ബന്ധപ്പെടുകയും, കേസിൽ കർശനമായ നിയമനടപടികളും പൂർണ്ണമായ സുരക്ഷയും അഞ്ജുവിന് ഉറപ്പാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിൽ സ്ത്രീധന പീഡനങ്ങൾക്കെതിരെ കർശന നിയമങ്ങൾ നിലനിൽക്കുമ്പോഴും തുടരുന്ന ഇത്തരം ക്രൂരതകൾക്കെതിരെ പൊതുസമൂഹത്തിൽ നിന്നും വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.