കുവൈത്ത് സിറ്റി: ഗൾഫ് മേഖലയിലെ ഊർജ വിതരണത്തിന്റെ സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കുന്നതിന് ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് കുവൈത്ത് എണ്ണമന്ത്രി താരിഖ് സുലൈമാൻ അൽ-റൂമി വ്യക്തമാക്കി.

ആഗോള ഊർജ വിപണിയിലെ മാറ്റങ്ങളും മേഖലയിലെ വിവിധ വെല്ലുവിളികളും കണക്കിലെടുക്കുമ്പോൾ ഊർജസുരക്ഷ ഉറപ്പാക്കുന്നതിന് കൂട്ടായ സമീപനം അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. എണ്ണയും പ്രകൃതിവാതകവും ഉൾപ്പെടെയുള്ള ഊർജ മേഖലയിൽ ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള ഏകോപനം ശക്തമാക്കുന്നത് വിതരണ സ്ഥിരത ഉറപ്പാക്കാനും ഭാവിയിലെ പ്രതിസന്ധികളെ നേരിടാനും സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഊർജ അടിസ്ഥാനസൗകര്യങ്ങളുടെ സംരക്ഷണം, ഉൽപാദന ശേഷി വർധിപ്പിക്കൽ, വിതരണ ശൃംഖലയുടെ സുരക്ഷ, അടിയന്തര സാഹചര്യങ്ങളിലെ പരസ്പര പിന്തുണ എന്നിവയിൽ ജി.സി.സി രാജ്യങ്ങൾ തമ്മിലുള്ള ഏകോപിത പ്രവർത്തനം കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയുടെയും ആഗോള ഊർജ വിപണിയിലെ സ്ഥിരതയുടെയും ഭാഗമായി ഊർജസുരക്ഷയ്ക്ക് പ്രത്യേക പ്രാധാന്യം നൽകേണ്ടതുണ്ടെന്നും താരിഖ് സുലൈമാൻ അൽ-റൂമി വ്യക്തമാക്കി.