*അഞ്ച് ദിവസങ്ങളിൽ ഇന്ത്യയിലെ വ്യത്യസ്ത സംഗീതധാരകളുടെ സംഗമം
*ദിവസവും സംഗീതാധിഷ്ഠിത സിനിമകളുടെ പ്രദർശനം
കൊല്ലം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അഷ്ടമുടി വാട്ടർ ഗേറ്റ് മ്യൂസിക് ഫെസ്റ്റിവലിന് നാളെ (ഒക്ടോബർ 7) തുടക്കമാകും. ഒക്ടോബർ 7 മുതൽ 11 വരെ കൊല്ലം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിൽ നടക്കുന്ന സംഗീതോത്സവത്തിൽ അഞ്ച് ദിവസവും വൈകിട്ട് 7 മണി മുതൽ സംഗീതപരിപാടികൾ അരങ്ങേറും. ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തെ പുനരുജ്ജീവിപ്പിച്ച് കൂടുതൽ സജീവമായ പൊതുസാംസ്‌കാരിക ഇടമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് സാംസ്കാരിക വകുപ്പ് മുൻകയ്യെടുത്ത് വ്യത്യസ്തമായ സംഗീതോത്സവം സംഘടിപ്പിക്കുന്നത്.
നാളെ നടക്കുന്ന ചടങ്ങിൽ ടൂറിസം, സാംസ്കാരിക, സിനിമ വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. തൊഴിൽ, വനിതാ, ശിശുക്ഷേമ വകുപ്പ മന്ത്രി ബിന്ദു കൃഷ്ണ അധ്യക്ഷത വഹിക്കും. വനം, വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ മുഖ്യാതിഥിയാകും. എൻ. കെ. പ്രേമചന്ദ്രൻ എം.പി, മേയർ എ. കെ. ഹഫീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ. ലതാദേവി, ജില്ലാ കലക്ടർ ആനി ജൂലാ തോമസ്, കൗൺസിലർ കുരുവിള ജോസഫ്, എന്നിവർ ആശംസകൾ നേരും.
ഉദ്ഘാടനച്ചടങ്ങിന് ശേഷം വൈകിട്ട് 7 മണിക്ക് Manganiyar Seduction സംഗീതാവതരണം നടത്തും. രാജസ്ഥാനിലെ മാംഗനിയാർ സംഗീതപാരമ്പര്യത്തിന്റെ സമ്പന്നമായ ശബ്ദലോകം അവതരിപ്പിക്കുന്ന ഈ സംഗീതപരിപാടിയോടെയാണ് അഞ്ച് ദിവസത്തെ ഫെസ്റ്റിവലിന് തുടക്കമാകുന്നത്.
വൈവിധ്യമാർന്ന സംഗീത സംഗമം
അഷ്ടമുടിക്കായലിന്റെ സവിശേഷമായ പ്രകൃതിപശ്ചാത്തലവും കൊല്ലത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും വിവിധ സംഗീതപാരമ്പര്യങ്ങളുമായി കൂട്ടിയിണക്കി വ്യത്യസ്തമായ സാംസ്‌കാരിക അനുഭവം ഒരുക്കുകയാണ് ഫെസ്റ്റിവലിന്റെ ലക്ഷ്യം. ‘Musical Ecology – Water’ എന്ന ആശയത്തെ ആധാരമാക്കിയാണ് സംഗീതോത്സവം വിഭാവനം ചെയ്തിരിക്കുന്നത്. ജലവും മനുഷ്യജീവിതവും സംസ്കാരവും സംഗീതവും തമ്മിലുള്ള ബന്ധത്തെ സംഗീതാവിഷ്‌കാരങ്ങളിലൂടെ അനുഭവപ്പെടുത്തുന്നതും ഫെസ്റ്റിവലിന്റെ പ്രത്യേകതയാണ്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ രൂപപ്പെട്ട സംഗീതപാരമ്പര്യങ്ങളിൽ നിന്നുള്ള കലാകാരന്മാരും സംഗീതസംഘങ്ങളും ഫെസ്റ്റിവലിൽ അണിനിരക്കും. രാജസ്ഥാനിലെ മാംഗനിയാർ സംഗീതപാരമ്പര്യം, ഇന്ത്യൻ ഫ്യൂഷൻ സംഗീതം, ജനകീയവും താളാധിഷ്ഠിതവുമായ സംഗീതധാരകൾ, സമകാലിക സംഗീതാവിഷ്‌കാരങ്ങൾ തുടങ്ങി വൈവിധ്യമാർന്ന സംഗീതശാഖകൾക്ക് ഒരേ വേദിയിൽ ഇടം ലഭിക്കും. Manganiyar Seduction, Araka Vyooham – The Percussion Band, Hamsi & Band, Shanka Tribe, Indian Ocean എന്നിവരാണ് വിവിധ ദിവസങ്ങളിലെ സംഗീതപരിപാടികൾ അവതരിപ്പിക്കുന്നത്.
അഞ്ച് ദിവസങ്ങളിൽ അഞ്ച് സംഗീതപരിപാടികൾ
ഒക്ടോബർ 7: രാത്രി 7 മണിക്ക് Manganiyar Seduction.
ഒക്ടോബർ 8: രാത്രി 7 മണിക്ക് Araka Vyooham – The Percussion Band.
ഒക്ടോബർ 9: രാത്രി 7 മണിക്ക് Hamsi & Band.
ഒക്ടോബർ 10: രാത്രി 7 മണിക്ക് Shanka Tribe.
ഒക്ടോബർ 11: രാത്രി 7 മണിക്ക് Indian Ocean.
പാരമ്പര്യ സംഗീതധാരകളെയും സമകാലിക സംഗീതാവിഷ്‌കാരങ്ങളെയും ഒരേ വേദിയിൽ അവതരിപ്പിക്കുന്നതിലൂടെ സംഗീതാസ്വാദകർക്ക് വ്യത്യസ്തമായ അനുഭവം ഒരുക്കുകയാണ് ലക്ഷ്യം. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ രൂപപ്പെട്ട സംഗീതപാരമ്പര്യങ്ങളുടെ വൈവിധ്യവും അവയുടെ സമകാലിക ആവിഷ്‌കാര സാധ്യതകളും ഫെസ്റ്റിവലിലൂടെ പരിചയപ്പെടുത്തും.
ദിവസവും സംഗീതാധിഷ്ഠിത സിനിമകളുടെ പ്രദർശനം
ഫെസ്റ്റിവലിന്റെ ഭാഗമായി എല്ലാ ദിവസവും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 4 വരെ സംഗീതവുമായി ബന്ധപ്പെട്ട സിനിമകളുടെ പ്രദർശനവും നടക്കും. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിലാണ് ചലച്ചിത്ര പ്രദർശനം സംഘടിപ്പിക്കുന്നത്. സംഗീതജ്ഞരുടെ ജീവിതം, സംഗീതപാരമ്പര്യങ്ങൾ, സംഗീതവും സമൂഹവും തമ്മിലുള്ള ബന്ധം തുടങ്ങി സംഗീതത്തിന്റെ വിവിധ തലങ്ങളെ ആസ്പദമാക്കിയ സിനിമകളാണ് പ്രദർശിപ്പിക്കുക. സംഗീതവും സിനിമയും സമന്വയിപ്പിച്ചുകൊണ്ടുള്ള സാംസ്‌കാരിക അനുഭവം ഒരുക്കുന്നതിന്റെ ഭാഗമായാണിത്.
സജീവ സാംസ്‌കാരിക ഇടമായി ശ്രീനാരായണഗുരു സമുച്ചയം
ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തെ കൂടുതൽ സജീവമായ പൊതുസാംസ്‌കാരിക ഇടമാക്കി മാറ്റുകയും കൊല്ലത്തിന്റെ പ്രധാന സാംസ്‌കാരിക കേന്ദ്രമെന്ന നിലയിൽ അതിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നതും ഫെസ്റ്റിവലിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. കലാ-സാംസ്‌കാരിക പരിപാടികൾക്ക് കൂടുതൽ അവസരമൊരുക്കുന്നതിനൊപ്പം വിവിധ വിഭാഗങ്ങളിലുള്ള ജനങ്ങൾക്ക് സ്ഥിരമായി എത്തിച്ചേരാനും കലയും സംസ്കാരവും അനുഭവിക്കാനും കഴിയുന്ന പൊതുഇടമായി സമുച്ചയത്തെ വികസിപ്പിക്കുകയാണ് ലക്ഷ്യം.
സംഗീതപരിപാടികൾക്കൊപ്പം സിനിമാ പ്രദർശനവും വിവിധ സാംസ്‌കാരിക പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നതിലൂടെ സമുച്ചയത്തെ കൂടുതൽ സജീവമാക്കുന്നതിനുള്ള തുടർപ്രവർത്തനങ്ങൾക്ക് ഫെസ്റ്റിവൽ വഴിയൊരുക്കുമെന്ന് മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു. കൊല്ലത്തിന്റെ സാംസ്‌കാരിക ജീവിതത്തിൽ സമുച്ചയത്തിന് കൂടുതൽ സജീവമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള ഇടപെടലുകളുടെ ഭാഗമായാണ് ഫെസ്റ്റിവലിനെ കാണുന്നത്.
സംഗീതവും പ്രകൃതിയും സംസ്കാരവും ഒരുമിച്ച്
അഷ്ടമുടിക്കായലിന്റെ പ്രകൃതിഭംഗിയും ജലവുമായി ബന്ധപ്പെട്ട കൊല്ലത്തിന്റെ ജീവിതപാരമ്പര്യങ്ങളും സാംസ്‌കാരിക ഓർമകളും സംഗീതത്തിന്റെ വൈവിധ്യവും ഒരുമിപ്പിക്കുകയാണ് ഫെസ്റ്റിവലിന്റെ അടിസ്ഥാന ആശയം. ‘Musical Ecology – Water’ എന്ന ആശയത്തിലൂടെ ജലം ഒരു പ്രകൃതിസമ്പത്ത് മാത്രമല്ല, മനുഷ്യജീവിതത്തെയും സംസ്കാരത്തെയും കലകളെയും രൂപപ്പെടുത്തുന്ന സജീവ ഘടകമാണെന്ന കാഴ്ചപ്പാടും അവതരിപ്പിക്കുന്നു.
സാംസ്‌കാരിക വകുപ്പ്, ടൂറിസം വകുപ്പ്, ജില്ലാ ഭരണകൂടം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഫെസ്റ്റിവലിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. അഷ്ടമുടിക്കായലിന്റെ പ്രകൃതിപശ്ചാത്തലവും കൊല്ലത്തിന്റെ സാംസ്‌കാരിക പൈതൃകവും ഇന്ത്യയുടെ വൈവിധ്യമാർന്ന സംഗീതധാരകളും ഒരുമിക്കുന്ന ഈ സംഗീതോത്സവം കൊല്ലത്തിന്റെ സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം പകരും.