എം എസ് സനിൽ കുമാർ , gpnews
മുംബൈ: പ്രവാസി മലയാളി വ്യവസായി ദിനേശ് മേനോൻ നൽകിയ സാമ്പത്തിക ഇടപാട് തർക്കത്തിലും ചെക്ക് മറുപടി കേസിലും പാലാ എം.എൽ.എ മാണി സി. കാപ്പന് മുംബൈ ദിൻഡോഷി സെഷൻസ് കോടതിയുടെ നിർണ്ണായക നിർദ്ദേശം. വിചാരണക്കോടതി (JMFC) വിധിച്ച നഷ്ടപരിഹാര തുകയുടെ 20 ശതമാനം 60 ദിവസത്തിനകം കോടതിയിൽ കെട്ടിവെയ്ക്കണമെന്ന് അഡീഷണൽ സെഷൻസ് ജഡ്ജ് പി.എ. സാനെ ഉത്തരവിട്ടു.
തുക കെട്ടിവെയ്ക്കുന്നതിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കണമെന്നോ അല്ലെങ്കിൽ തുകയുടെ പരിധി കുറയ്ക്കണമെന്നോ ആവശ്യപ്പെട്ട് മാണി സി. കാപ്പൻ സമർപ്പിച്ച അപേക്ഷകൾ കോടതി പൂർണ്ണമായി തള്ളി. അതേസമയം, അപ്പീൽ തീർപ്പാകുന്നതുവരെ വിചാരണക്കോടതിയുടെ ശിക്ഷാ നടപടികൾ താൽക്കാലികമായി മരവിപ്പിക്കുകയും കാപ്പന് ജാമ്യം അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
1.70 കോടി രൂപയുടെ നഷ്ടപരിഹാരം; 20% തുക കോടതിയിൽ നിക്ഷേപിക്കണം
വിചാരണക്കോടതി പുറപ്പെടുവിച്ച ശിക്ഷാവിധിക്കെതിരെ മാണി സി. കാപ്പൻ സമർപ്പിച്ച ക്രിമിനൽ അപ്പീലിലാണ് സെഷൻസ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. 2026 സെപ്റ്റംബർ 1-ന് പുറപ്പെടുവിച്ച വിധിപ്രകാരം പരാതിക്കാരനായ ദിനേശ് മേനോന് 1,70,00,000 രൂപ (ഒരു കോടി എഴുപത് ലക്ഷം രൂപ) പലിശ സഹിതം നഷ്ടപരിഹാരമായി നൽകാൻ വിചാരണക്കോടതി ഉത്തരവിട്ടിരുന്നു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് സെക്ഷൻ 148 പ്രകാരം അപ്പീൽ കാലയളവിൽ കെട്ടിവെയ്ക്കേണ്ട 20 ശതമാനം തുകയിൽ നിന്ന് തന്നെ പൂർണ്ണമായി ഒഴിവാക്കണമെന്നും, സാമ്പത്തിക ബാധ്യത നിലനിൽക്കുന്നതല്ലെന്നും കാപ്പന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാല്‍ ഈ ആവശ്യം കോടതി തള്ളി.
നിലവിൽ എം.എൽ.എയും ചലച്ചിത്ര നിർമ്മാതാവുമായ മാണി സി. കാപ്പന് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലം പ്രകാരം 28 കോടിയിലധികം രൂപയുടെ ആസ്തിയുണ്ടെന്ന് പരാതിക്കാരന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കാപ്പന്റെ സാമ്പത്തിക ശേഷിയും ഇടപാടുകളുടെ സ്വഭാവവും പരിശോധിച്ച കോടതി, 20% തുക ഒഴിവാക്കി നൽകാൻ തക്ക അസാധാരണ സാഹചര്യങ്ങളൊന്നും പ്രതിഭാഗത്തിന് ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി ഇളവ് ഹർജി തള്ളി.
ഉത്തരവ് തീയതിയായ 2026 ഒക്ടോബർ 6 മുതൽ 60 ദിവസത്തിനകം (2026 ഡിസംബർ ആദ്യവാരത്തിനകം) നഷ്ടപരിഹാരത്തിന്റെ 20 ശതമാനം തുക കോടതിയിൽ ഡിപ്പോസിറ്റ് ചെയ്യാനാണ് അന്ത്യശാസനം നൽകിയിരിക്കുന്നത്.
അപ്പീൽ ഫയലിൽ സ്വീകരിച്ച കോടതി മാണി സി. കാപ്പന് ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചു. അപ്പീലിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ വിചാരണക്കോടതി പുറപ്പെടുവിച്ച തടവുശിക്ഷാ ഉത്തരവ് സെഷൻസ് കോടതി സസ്പെൻഡ് ചെയ്തു. 25,000 രൂപയുടെ വ്യക്തിഗത ബോണ്ടും തുല്യ തുകയ്ക്കുള്ള ആൾജാമ്യവും ഹാജരാക്കണം. താൽക്കാലികമായി ഒരു മാസത്തേക്ക് ആൾജാമ്യത്തിന് പകരം പണമായി ബോണ്ട് തുക കെട്ടിവെയ്ക്കാൻ അനുമതി നൽകിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട വിചാരണക്കോടതിയിലെ മുഴുവൻ രേഖകളും നടപടിക്രമങ്ങളും സെഷൻസ് കോടതി അടിയന്തരമായി വിളിച്ചുവരുത്തിയിട്ടുണ്ട്.
മുംബൈ ഗോരേഗാവ് ഈസ്റ്റിലെ വ്യവസായി ദിനേശ് മേനോനും മാണി സി. കാപ്പനും തമ്മിൽ വർഷങ്ങളായി നിലനിൽക്കുന്ന സാമ്പത്തിക ഇടപാടുകളാണ് കേസിന് ആധാരം. കണ്ണൂർ വിമാനത്താവള ഓഹരി പങ്കാളിത്തവും മറ്റ് ബിസിനസ് കാര്യങ്ങളും വാഗ്ദാനം ചെയ്ത് മാണി സി കാപ്പൻ വാങ്ങിയ വായ്പകളുമായി ബന്ധപ്പെട്ടും കൈമാറിയ ചെക്കുകൾ മടങ്ങിയതിന്റേയും പശ്ചാത്തലത്തിലാണ് നിയമപോരാട്ടം ആരംഭിച്ചത്. തുടർച്ചയായ ഒത്തുതീർപ്പ് ചർച്ചകൾ നടന്നിരുന്നുവെങ്കിലും കാലാവധി കഴിഞ്ഞിട്ടും തുക ലഭിച്ചില്ലെന്ന് കാണിച്ചാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.
നിശ്ചിത സമയപരിധിക്കുള്ളിൽ 20 ശതമാനം തുക കെട്ടിവെച്ചില്ലെങ്കിൽ വിചാരണക്കോടതിയുടെ ശിക്ഷാ നടപടികളിലേക്ക് നേരിട്ട് കടക്കാൻ സാധ്യതയുള്ളതിനാൽ, മാണി സി. കാപ്പനെ സംബന്ധിച്ച് വരും ദിവസങ്ങൾ നിയമപരമായി ഏറെ നിർണ്ണായകമാണ്.