കുവൈത്ത് സിറ്റി: കുവൈത്തിൽ ലഹരിമരുന്ന് കടത്തും വിതരണവും തടയുന്നതിനായി ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് കൺട്രോൾ നടത്തിയ പരിശോധനകളിൽ അഞ്ച് പ്രതികളെ പിടികൂടി.
വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനകളിൽ വലിയ അളവിലുള്ള ലഹരിമരുന്നുകളും നിരോധിത ലഹരി പദാർഥങ്ങളും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
പിടിയിലായവരുമായി ബന്ധപ്പെട്ട് നാല് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിടിച്ചെടുത്ത ലഹരിവസ്തുക്കളുടെയും പദാർഥങ്ങളുടെയും ഉറവിടവും അവ വിതരണം ചെയ്യാൻ ശ്രമിച്ചിരുന്ന ശൃംഖലയുമാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.
പ്രതികളെ ബന്ധപ്പെട്ട നിയമനടപടികൾക്കായി കൈമാറിയിട്ടുണ്ട്. രാജ്യത്തേക്ക് ലഹരിമരുന്ന് കടത്തുന്നതിനും രാജ്യത്തിനകത്ത് വിതരണം ചെയ്യുന്നതിനുമെതിരെ ശക്തമായ പരിശോധനകൾ തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.