കുവൈത്ത് സിറ്റി ;കുവൈത്തിലെ ബാങ്കിംഗ് മേഖല വ്യക്തിഗത ഉപയോക്താക്കൾക്കുള്ള Payment Links ഘട്ടംഘട്ടമായി ഒഴിവാക്കി കൂടുതൽ സുരക്ഷിതവും എളുപ്പത്തിൽ ട്രാക്ക് ചെയ്യാവുന്നതുമായ ‘Wamd’ ഇൻസ്റ്റന്റ് പേയ്മെന്റ് സംവിധാനത്തിലേക്ക് മാറുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ, അക്കൗണ്ടുകളുടെ ദുരുപയോഗം, സംശയാസ്പദമായ പണമിടപാടുകൾ, സൈബർ തട്ടിപ്പ് എന്നിവ നിയന്ത്രിക്കുന്നതിനാണ് നീക്കം. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് (CBK)യുടെ മേൽനോട്ടത്തിലാണ് ബാങ്കുകളും KNET-ഉം സംവിധാനത്തിലെ മാറ്റങ്ങൾക്കായി പ്രവർത്തിക്കുന്നത്.
2024 ജൂണിൽ ആരംഭിച്ച Wamd വഴി ഇടപാടുകൾ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടുമായി നേരിട്ട് ബന്ധിപ്പിക്കപ്പെടുന്നതിനാൽ പണമിടപാടുകളുടെ ഉറവിടവും സ്വീകരിക്കുന്നയാളും കൂടുതൽ വ്യക്തമായി തിരിച്ചറിയാൻ സാധിക്കും.
Payment Links പല വ്യക്തികൾക്കിടയിൽ കൈമാറാൻ കഴിയുന്ന രീതിയിലുള്ളതിനാൽ അന്തിമ ഗുണഭോക്താവിനെ കണ്ടെത്തുന്നതിൽ ചില സാഹചര്യങ്ങളിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാമെന്നാണ് ബാങ്കിംഗ് മേഖലയിലെ വിലയിരുത്തൽ.
പ്രത്യേകിച്ച് കുവൈത്ത് വിട്ടുപോയ വ്യക്തികളുടെ അക്കൗണ്ടുകൾ, നിർജ്ജീവ അക്കൗണ്ടുകൾ, ചില തൊഴിലാളികളുടെ അക്കൗണ്ടുകൾ തുടങ്ങിയവ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് നിരീക്ഷണം ശക്തമാക്കുന്നത്.
2026ലെ ആദ്യ എട്ട് മാസങ്ങളിൽ Wamd വഴി നടന്ന ഇടപാടുകളുടെ മൂല്യം 7.7 ബില്യൺ കുവൈത്ത് ദിനാർ ആയിരുന്നു. ഈ കാലയളവിൽ 118.4 മില്യൺ ഇടപാടുകൾ Wamd വഴി നടന്നു.
ഓഗസ്റ്റിൽ മാത്രം Wamd ഇടപാടുകളുടെ മൂല്യം 1.072 ബില്യൺ ദിനാർ ആയിരുന്നു. 16.42 മില്യൺ ഇടപാടുകളാണ് ആ മാസം രേഖപ്പെടുത്തിയത്.